കണ്ണടച്ച് തെരുവുവിളക്കുകള്‍; യാത്രക്കാര്‍ ദുരിതത്തില്‍
പൂടൂര്‍: കോട്ടായി റോഡിലേയും കുളപ്പുള്ളി സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന അത്താലൂര്‍ എം.എല്‍.എ റോഡില്‍ തെരുവുവിളക്കുകള്‍ കണ്ണടച്ചതോടെ വാഹന, കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍.
റോഡ് തിരിയുന്നതു മുതല്‍ ഒടുകംപറ്റ, കാടൂര്‍ വരെയുള്ള ഭാഗത്തെ തെരുവുവിളക്കുകളാണ് പ്രവര്‍ത്തന രഹിതമായിട്ടുള്ളത്.
മാസങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്ന തെരുവുവിളക്കുകള്‍ കഴിഞ്ഞ നവംബറിലാണ് നന്നാക്കിയത്. എം.എല്‍.എ റോഡിന്റെ പ്രവേശന കവാടം മുതല്‍ എം.കെ സ്‌റ്റോര്‍ വരെയുള്ള ഭാഗത്തെ വിളക്കുകള്‍ പൂര്‍ണമായും മിഴിയടച്ചമട്ടാണ്. ഈ മേഖലയില്‍ രാത്രി ആയാല്‍ തെരുവുനായ്ക്കളുടെയും പന്നികളുടെയും വിഹാര കേന്ദ്രമാണ്. പറളി, കല്ലേക്കാട് ഭാഗത്തുനിന്നും പിരായിരി പൂടൂര്‍ ഭാഗത്തേയ്ക്കുള്ള എളുപ്പവഴികൂടിയാണ് എം.എല്‍.എ റോഡ്. അത്താലൂര്‍ എം.എല്‍.എ റോഡ് സ്റ്റോപ്പുകളില്‍ ബസിറങ്ങി വരുന്ന കാല്‍നട യാത്രക്കാര്‍ക്ക് ഇതുവഴി സഞ്ചരിക്കണമെങ്കില്‍ എതിരെ വരുന്ന വാഹനങ്ങളുടെയോ മൊബൈല്‍ ടോര്‍ച്ചിന്റെയോ വെളിച്ചം വേണമെന്ന സ്ഥിതിയാണ്. എം.എല്‍.എ റോഡിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഇപ്പോഴുമുള്ളത് പഴയകാലത്തെ മെര്‍ക്കുറി ബള്‍ബുകളാണ്. തെരുവുവിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."