പാലരുവി എക്സ്പ്രസ്; ഉദ്ഘാടനം ഇന്ന്
കൊല്ലം: പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു. തല്‍സമയം പുനലൂരില്‍ എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്, കെ. സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാന വനം, വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഫ്ളാഗ് ഓഫ് ചെയ്യും. രണ്ട് മണിക്ക് പുനലൂരില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രിയെയും എം.പി. മാരെയും കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍, പുനലൂര്‍ - മുനിസിപ്പല്‍ ചെയര്മാന് എം.എ. രാജഗോപാല്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.
2.30ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ട്രെയിന്‍ ഇന്ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളത്ത് നിന്നും ട്രെയിന്‍ ഇന്നു തന്നെ മടങ്ങിയെത്തും. പുനലൂരില്‍ നിന്നും രാവിലെ 3.25ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചതിരിഞ്ഞ് 1.20ന് പാലക്കാട് എത്തിചേരും. പുനലൂരിനും പാലക്കാടിനുമിടയ്ക്ക് 24 സ്റ്റോപ്പുകളാണ് തീവണ്ടിക്കുള്ളത്. വൈകുന്നേരം 4 മണിയ്ക്ക് പാലക്കാട് നിന്നും പുറപ്പെടുന്ന ട്രെയിന്‍ പുലര്‍ച്ചെ 1.20ന് പുനലൂരില്‍ മടങ്ങിയെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."