പി.എന്‍.ബി തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസ് പ്രത്യേകസംഘം അന്വേഷിക്കണമെന്ന പൊതുതാല്പര്യ ഹരജി സുപ്രിംകോടതി തള്ളി. ഹരജി അനാവശ്യവും വീണ്ടുവിചാരമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രിംകോടതി തള്ളിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും എതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഹരജിയിലുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.
തട്ടിപ്പ് നടത്തി വിദേശത്തേക്കു മുങ്ങിയ നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കോടതി വിധി വന്നിരിക്കുന്നത്. നീരവിനെക്കൂടാതെ സഹോദരന് നിഷാല്‍ മോദി, കമ്പനി എക്സിക്യൂട്ടീവ് സുഭാഷ് പറാബ് എന്നിവര്‍ക്കെതിരെയും ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിരവധി തവണ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇന്ത്യയിലെത്താന്‍ നീരവ് മോദി ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ യു.കെയിലാണ് നീരവ് മോദിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിടെയാണെന്ന് ഉറപ്പില്ല. ഫ്രാന്‍സ്, ബെല്‍ജിയം, യു.കെ, തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളോട് ഇന്ത്യ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നീരവ് മോദി ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പ്രവേശനം അനുവദിക്കരുതുമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."