നല്ല ഓര്‍മകള്‍ നല്‍കി ഏഷ്യയും പടിയിറങ്ങി
ആഫ്രിക്കക്ക് പിന്നാലെ ഏഷ്യയും റഷ്യയില്‍ നിന്ന് മടങ്ങുകയാണ്. താരപ്പൊലിമയില്‍ കപ്പ് മോഹിച്ചെത്തിയ ബെല്‍ജിയം കരുത്തിനെ വിറപ്പിച്ച് അവസാന നിമിഷം കീഴടങ്ങി മടങ്ങുന്ന ജപ്പാനൊപ്പമാണ് ഏഷ്യയുടെ മടക്കം പൂര്‍ണമാകുന്നത്. എന്നാല്‍ വമ്പന്മാരെ കളത്തില്‍ നിലക്ക് നിര്‍ത്തിയ ചരിത്രം ലോകകപ്പ് ഏടുകളില്‍ തുന്നിച്ചേര്‍ത്താണ് റഷ്യന്‍ മൈതാനങ്ങളില്‍ നിന്ന് ഏഷ്യ പിന്‍വാങ്ങുന്നത്. ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സൗദി അറേബ്യ, ആസ്‌ത്രേലിയ തുടങ്ങിയ ടീമുകളാണ് ഏഷ്യന്‍ പ്രതിനിധികളായി റഷ്യയില്‍ പന്തു തട്ടിയത്.
ഫെയര്‍ പ്ലേ ആനുകൂല്യത്തില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ പിന്തള്ളി രണ്ടാം റൗണ്ടിലെത്തിയ ജപ്പാന്‍ (ഇംഗ്ലണ്ട്, സ്പാനിഷ് )ലീഗുകളിലെ വമ്പന്മാര്‍ അണിനിരന്ന ബെല്‍ജിയത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ടാം പകുതിയില്‍ നിര്‍ണായക ലീഡ് നേടിയെങ്കിലും റഫറി അവസാന വിസിലൂതിയപ്പോള്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഹസാര്‍ഡിന്റെ നേതൃത്വത്തിലുള്ള ബെല്‍ജിയം ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നിരുന്നു.
നിലവിലെ ചാംപ്യന്മാരായ ജര്‍മനിയെ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കൊറിയന്‍ കരുത്തും റഷ്യയില്‍ ഏഷ്യയുടെ വരവറിയിക്കുന്നതായി. പത്ത് ലോകകപ്പുകളില്‍ പന്തു തട്ടിയ ദക്ഷിയ കൊറിയ സ്വന്തം നാട്ടില്‍ 2002ല്‍ നടന്ന ലോകകപ്പില്‍ നാലാം സ്ഥാനക്കാരായതാണ് ഏഷ്യന്‍ രാജ്യങ്ങളുടെ ലോകവേദിയിലെ മികച്ച പ്രകടനം.
അന്ന് ഇറ്റലിക്കും സ്‌പെയിനിനും മടക്കടിക്കറ്റ് നല്‍കി സെമിയിലെത്തിയ കൊറിയയെ തളച്ചത് ജര്‍മനിയായിരുന്നു. ഇതിനുള്ള മധുര പ്രതികാരമായി കൊറിയ നിര്‍ണായക മത്സരത്തില്‍ 2-1ന് ജര്‍മനിയെ പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പില്‍ മറുപടി നല്‍കി.
2014ലെ ബ്രസീല്‍ ലോകകപ്പില്‍ ഒന്നും നേടാതിരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ നിലമെച്ചപ്പെടുത്തിയാണ് പടിയിറങ്ങുന്നത്. സൗദി അറേബ്യ ഒഴികെയുള്ളവരാണ് ബ്രസീലിലേക്ക് യോഗ്യത നേടിയിരുന്നത്. ഇതില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാന്‍ ഗ്രീസിനോടും ഇറാന്‍ നൈജീരിയയോടും ദക്ഷിണ കൊറിയ റഷ്യയോടും സമനില പിടിച്ചതാണ് ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ മികച്ച പ്രകടനം. ഗ്രൂപ്പില്‍ അവസാനക്കാരായാണ് അന്ന് എല്ലാവരും ബ്രസീലില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ റഷ്യയില്‍ ജപ്പാന്‍, പോളണ്ട്, സെനഗല്‍, കൊളംബിയ എന്നിവരുള്‍പ്പെട്ട മരണഗ്രൂപ്പില്‍ നിന്ന് ജപ്പാന്‍ രണ്ടാം റൗണ്ടിലെത്തി. ഇറാനും കൊറിയയും സൗദി അറേബ്യയും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ഡെന്‍മാര്‍ക്കിനോട് സമനില നേടിയ ആസ്‌ത്രേലിയ മാത്രമാണ് വിജയങ്ങളില്ലാതെ ഗ്രൂപ്പില്‍ നാലാമതായത്. ഗ്രൂപ്പ് എഫില്‍ ജര്‍മനിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയതാണ് കൊറിയയുടെ നേട്ടം.
രണ്ടാം റൗണ്ട് ആരംഭം വരെ ഫിഫയുടെ ഏറ്റവും നല്ല പ്രതിരോധമൊരുക്കിയ ടീം പട്ടികയില്‍ ഇറാനായിരുന്നു ഒന്നാമത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മോറോക്കോ താരങ്ങളുടെ 196 ഓളം ആക്രമണങ്ങളാണ് ഇറാന്‍ പ്രതിരോധം തടഞ്ഞിട്ടത്. നിര്‍ഭാഗ്യവും ലോകവേദിയിലെ കളിയനുഭവത്തിന്റെ അഭാവവും ഏഷ്യന്‍ ടീമുകളുടെ കാലിടറുന്നതിന്റെ പ്രധാന കാരണമാകുന്നുണ്ട്.
ലാറ്റിന്‍ അമേരിക്കന്‍ സൗന്ദര്യവും ഇറ്റാലിയന്‍ പ്രതിരോധ മികവിനും അപ്പുറം മെയ്കരുത്തും വേഗതയും കളംവാഴുന്ന യൂറോപ്യന്‍ ലീഗുകളിലെ അനുഭവ സമ്പത്താണ് പല രാജ്യങ്ങളും ഉപയോഗപ്പെടുത്തുന്നത്. ലോകവേദിയിലെത്തിയ ഏഷ്യന്‍ താരങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പ്രധാന ലീഗുകളില്‍ പന്തു തട്ടുന്നത്. ബെല്‍ജിയം താരങ്ങളുടെ എണ്ണത്തോളം പോലും വരില്ലത്. മനക്കരുത്തും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ പോരാട്ട വീര്യവും മാത്രമാണ് വിശ്വമേളയിലെ ഏഷ്യന്‍ വിജയങ്ങളുടെ രഹസ്യം. പ്രതിഭകളുണ്ടെങ്കിലും ഇവരെ രാഖി മിനുക്കാന്‍ പോന്ന തരത്തിലുള്ള ലീഗ് സീസണുകള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിലും രൂപപ്പെട്ടാല്‍ ഏഷ്യന്‍ കരുത്തിനും കാല്‍പന്തുകളിയില്‍ സ്ഥാനമുറപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."