മുന്നറിയിപ്പില്ലാതെ താമസക്കാരെ ഒഴിപ്പിച്ചു
മനാമ: ബഹ്റൈനിലെ ബഹുനില കെട്ടിടത്തില്‍നിന്നു മുന്നറിയിപ്പില്ലാതെ താമസക്കാരെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി പേര് തെരുവിലായി. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ അമേരിക്കന്‍ മിഷന് ഹോസ്പിറ്റലിനു സമീപമുള്ള ശൈത്വാന് ബില്‍ഡിങ്ങിലെ(ഭൂത് ബില്‍ഡിങ്) താമസക്കാരെയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൊടുന്നനെ ഒഴിപ്പിച്ചത്.
ഇതേതുടര്‍ന്ന് പെട്ടിയും കിടക്കയുമായി നിരവധി പേര്‍ക്ക് മണിക്കൂറുകളോളം തെരുവില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. ഈ കെട്ടിടത്തിന്റെ സുരക്ഷാപ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് താമസക്കാരെ പെട്ടെന്ന് ഒഴിപ്പിച്ചതെന്നാണ് അധികൃതരുടെ മറുപടി. വളരെ പഴക്കമുള്ള കെട്ടിടത്തില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വയറിങും മറ്റും ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഷോര്‍ട് സര്‍ക്യൂട്ടിനും സാധ്യതയുണ്ടായിരുന്നു. അഗ്നിബാധ പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ താമസക്കാരെ ഒഴിപ്പിക്കാനുള്ള സംവിധാനവും ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. താമസക്കാരെ മുന്‍കൂട്ടി അറിയിച്ചില്ലെന്നു ആക്ഷേപമുണ്ട്.
അതേസമയം, ബില്‍ഡിങ് ഒഴിയേണ്ടതു സംബന്ധിച്ച് 13ന് തന്നെ മുനിസിപ്പാലിറ്റി അധികൃതര്‍ കെട്ടിടത്തിന് പുറത്ത് നോട്ടിസ് പതിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ആരും ശ്രദ്ധിച്ചിട്ടില്ലെന്നും ബില്‍ഡിങ് ഉടമകളും ഇക്കാര്യം അവഗണിച്ചെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം മിക്ക താമസക്കാരും ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി പുറത്തുപോയ സമയത്താണ് മുനിസിപ്പാലിറ്റി അധികൃതര്‍ ബില്‍ഡിങ് ഒഴിപ്പിക്കാനെത്തിയത്. ഒഴിപ്പിക്കപ്പെട്ടവരില്‍ മലയാളികള്‍ക്കു പുറമെ ബംഗ്ലാദേശ്, പാകിസ്താന് സ്വദേശികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."