കൊയിലാണ്ടിയില്‍ വ്യവസായ സംരംഭക ക്ലബ് രൂപീകരിച്ചു
കോഴിക്കോട്: പുതുതായി വ്യവസായങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവരെയും നിലവിലുള്ള സംരഭകരെയും അംഗങ്ങളാക്കി കൊയിലാണ്ടി നഗരസഭയില്‍ വ്യവസായ സംരംഭക ക്ലബ് രൂപീകരിച്ചു. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്മാന് അഡ്വ. കെ. സത്യന് ഉദ്ഘാടനം നിര്‍വഹിച്ചു.
ജനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കളുടെ 25 ശതമാനമെങ്കിലും നഗരസഭയില്‍ തന്നെ ഉല്പാദനം നടത്തുക എന്നതാണ് നഗരസഭയുടെ വിഷന്‍ 2035 പ്രാദേശിക വികസനപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് വ്യവസായ സംരഭക ക്ലബ്.ക്ലബില്‍ അംഗമാകുന്ന മുഴുവന്‍ ആളുകള്‍ക്കും പരിശീലന പരിപാടികളും സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ പദ്ധതി അറിവുകളും വായ്പകളും ധനകാര്യ സാക്ഷരതയും ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ക്ലബിന്റെ നേതൃത്വത്തില്‍ നല്‍കും.
ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്പേഴ്സന് വി.കെ പത്മിനി അധ്യക്ഷയായി. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. രാജീവ് വിഷയാതവരണം നടത്തി. നഗരസഭാ വ്യവസായ വികസന ഓഫിസര്‍ ടി.വി അജിത്കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍.കെ ഭാസ്കരന്, കൗണ്‍സിലര്‍മാരായ എം. സുരേന്ദ്രന്, വി.പി ഇബ്രാഹിം കുട്ടി, ആര്.കെ ചന്ദ്രന്, ലുക്മാന് അരീക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."