മരം മുറിച്ച് വികസനം
ചെറുപുഴ: മെക്കാഡം ടാറിങ് പ്രവൃത്തി പുരോഗമിക്കുന്ന ചെറുപുഴ-പെരിങ്ങോം റോഡില്‍ കാക്കേഞ്ചാല്‍ മുതല്‍ ചെറുപുഴ ടൗണ്‍ വരെയുള്ള ഭാഗത്തെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ചെറുപുഴ മേലേ ബസാര്‍ മുതല്‍ പുതിയപാലം വരെ മലയോര ഹൈവേയുടെ ഭാഗമാകുന്നതിനാല്‍ ടൗണിലുള്പ്പെട്ട മേലേബസാര് മുതല്‍ കാക്കേഞ്ചാല്‍ വരെയുള്ള ഭാഗം 16 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കേണ്ടതുണ്ട്.
എന്നാല്‍ ഈ ഭാഗത്ത് റോഡിനോട് ചേര്‍ന്ന് മുപ്പതോളം വന്‍ മരങ്ങളുണ്ട്. ഇവയില്‍ ചിലത് ഉണങ്ങി ദ്രവിച്ച് അപകടഭീഷണിയിലുമാണ്. ഇവയുള്‍പ്പെടെ എല്ലാ മരങ്ങളും മുറിച്ചുനീക്കി റോഡ് വികസനം സാധ്യമാക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായത്. മരങ്ങള്‍ മുറിച്ചുനീക്കി സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ ചെറുപുഴ-പെരിങ്ങോം റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ ഈ ഭാഗത്ത് കലുങ്ക് നിര്‍മാണമൊഴികെയുള്ള പ്രവൃത്തികള്‍ തുടങ്ങിയിരുന്നില്ല. 12 കിലോമീറ്ററോളം വരുന്ന നിര്‍ദിഷ്ട റോഡിന്റെ ബാക്കി ഭാഗങ്ങളില്‍ സോളിങ് പുരോഗമിക്കുകയാണ്. റോഡിലുള്ള വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുന്ന മുറക്ക് ടാറിങും ആരംഭിക്കും.
മരങ്ങള്‍ മുറിച്ചുനീക്കുന്നതോടൊപ്പം റോഡ് പുറമ്പോക്ക് കൈയേറിയുള്ള നിര്‍മാണങ്ങള്‍ ഒഴിപ്പിച്ചെടുക്കാനും ടാറിങിനൊപ്പം ടൗണില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, സന്നദ്ധസംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."