24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുമായി ആര്‍.എസ്.എസ്
തിരുവനന്തപുരം: ലോക്‌സഭയിലേക്ക് കേരളത്തില്‍നിന്ന് ബി.ജെ.പിയുടെ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് മേല്‍നോട്ടച്ചുമതല ലഭിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
ജയസാധ്യതയുണ്ടെന്നു വിലയിരുത്തുന്ന എ ക്ലാസ് വിഭാഗത്തില്‍ വരുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതിയാണ് ആര്‍.എസ്.എസ് തയാറാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വീടുകള്‍തോറും കയറിയിറങ്ങി പ്രചാരണം നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. പ്രചാരണ സാമഗ്രികള്‍ വീടുകളിലെത്തിക്കുക മാത്രമല്ല വ്യക്തിപരമായി കാണേണ്ടവരെ കണ്ട് വോട്ട് ഉറപ്പിക്കുകയെന്ന ചുമതലയും ഈ സ്‌ക്വാഡുകള്‍ക്കുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ എന്നിവരെ വിജയിപ്പിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലുള്ള സ്‌ക്വാഡുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ആറ്റിങ്ങല്‍, പാലക്കാട്, തൃശൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കാനാണ് ആര്‍.എസ്.എസ് നേതൃത്വം നീക്കം നടത്തുന്നത്.
തെരഞ്ഞെടുപ്പിനു മുമ്പ് വിഷു വരുന്നതിനാല്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കാനാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തീരുമാനം. വിഷു സമയത്ത് ശബരിമല നട തുറക്കുന്നതോടെ യുവതീ പ്രവേശന വിഷയം വീണ്ടും ഉയര്‍ന്നുവരുമെന്നും ബി.ജെ.പിയും സംഘ്പരിവാറും വിശ്വസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."