സര്‍ക്കാര്‍ വിരുദ്ധ വികാരം: മൂന്നു സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്കു നഷ്ടമാവുക 85 സീറ്റുകള്‍
ന്യൂഡല്‍ഹി: നരേന്ദ്രമോദി തരംഗത്തില്‍ ഉത്തരേന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ച അധികസീറ്റുകള്‍ നിലനിര്‍ത്തുന്നതാവും ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ അവിടുത്തെ സര്‍ക്കാരുകള്‍ക്കും കേന്ദ്രത്തിനും എതിരെ നിലനില്‍ക്കുന്ന ജനവികാരം കാരണം മുന്നണിക്കു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമാവുക 85 സീറ്റുകളാവും.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 249 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതാവട്ടെ, മൊത്തം ലോക്‌സഭാ സീറ്റുകളുടെ 45 ശതമാനം വരും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഈ 249 സീറ്റുകളില്‍ ബി.ജെ.പിയും ഘടകകക്ഷികളും വാരിക്കൂട്ടിയത് 187 സീറ്റുകളാണ്. തമിഴ്‌നാട്ടില്‍ അടുത്തിടെ എന്‍.ഡി.എ മുന്നണിക്കൊപ്പം ചേര്‍ന്ന അണ്ണാ ഡി.എം.കെയുടെ സീറ്റുകള്‍ കൂടി കൂട്ടിയാണിത്. അടുത്തിടെ സി വോട്ടര്‍ പുറത്തുവിട്ട സര്‍വേ പ്രകാരം ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി കടുത്ത ജനവികാരമാണ് നേരിടുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലാണ് ജനവികാരം നിലനില്‍ക്കുന്നത്. ഈ കാരണത്താല്‍ ഇവിടെ ബി.ജെ.പിക്ക് 85 സീറ്റുകള്‍ നഷ്ടമാവുമെന്നാണ് പ്രവചനം.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ മധ്യപ്രദേശില്‍ 29ഉം രാജസ്ഥാനില്‍ 25ഉം ലോക്‌സഭാ സീറ്റുകളാണുള്ളത്. 2014ല്‍ രാജസ്ഥാന്‍ മൊത്തമായി തൂത്തുവാരിയപ്പോള്‍ മധ്യപ്രദേശില്‍ 27ഉം ബി.ജെ.പിക്കു ലഭിച്ചു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമായി ലഭിച്ച 52 സീറ്റുകള്‍ നിലനിര്‍ത്താനും ബി.ജെ.പി വിയര്‍ക്കും. ഇവിടെയുണ്ടാവുന്ന കണക്കുകള്‍ നോക്കുമ്പോള്‍ എന്‍.ഡി.എയുടെ നഷ്ടം പിന്നേയും കൂടും.
ഉത്തര്‍പ്രദേശ്
ആകെ സീറ്റ്: 80
എന്‍.ഡി.എ: 71
കോണ്‍ഗ്രസ്: 2
എസ്.പി: 5
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 80ല്‍ 71 സീറ്റുകളാണ് എന്‍.ഡി.എക്ക് ഇവിടെ ലഭിച്ചത്. അഞ്ചുവര്‍ഷമാവുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരെ ഇവിടെ കടുത്ത വികാരം നിലനില്‍ക്കുകയാണ്. സി വോട്ടറിന്റെ സര്‍വേ പ്രകാരം സംസ്ഥാനത്ത് മോദിയിലുള്ള താല്‍പ്പര്യം 43 ശതമാനമായി കുറഞ്ഞു. ഇക്കാര്യത്തില്‍ യു.പിയുടെ സ്ഥാനം ദേശീയ തലത്തില്‍ 16മതാണ്. എം.പിമാരിലും എം.എല്‍.എമാരിലുമുള്ള സംതൃപ്തി യഥാക്രമം 8.2ഉം 11.8ഉം ആയും ഇടിഞ്ഞു. ഇതിനു പറമെ സംസ്ഥാനത്തെ പ്രബലകക്ഷികളായ ബി.എസ്.പിയും എസ്.പിയും ഒന്നിച്ചുപോരാടുകയുമാണ്. ഇക്കാരണത്താല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് കുറയും. പ്രിയങ്ക ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന്റെ പ്രകടനവും മെച്ചപ്പെടും. ചുരുക്കത്തില്‍ സി വോട്ടര്‍ സര്‍വേ പ്രകാരം സംസ്ഥാനത്ത് എന്‍.ഡി.എക്ക് 29 സീറ്റേ ലഭിക്കൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44 സീറ്റുകള്‍ കുറയും.
മഹാരാഷ്ട്ര
ആകെ സീറ്റ്: 48.
എന്‍.ഡി.എ: 41.
കോണ്‍ഗ്രസ്: 2
എന്‍.സി.പി: 4
മോദിയോടുള്ള സംതൃപ്തി ഇവിടെ 47 ശതമാനമാണ്, 14ാം സ്ഥാനത്ത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിലുള്ള സംതൃപ്തി 33ഉം ആണ്.
44 ലോക്‌സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. അതില്‍ 41ഉം എന്‍.ഡി.എയുടേതാണ്. കോണ്‍ഗ്രസും എന്‍.സി.പിയും ഒന്നിച്ചു മല്‍സരിക്കുന്നത് ഒരിക്കല്‍കൂടെ ബി.ജെ.പിയുടെ സാധ്യതയില്ലാതാക്കുന്നു. ഇവിടെ ഏഴു സീറ്റെങ്കിലും ബി.ജെ.പിക്ക് നഷ്ടമാവുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.
തമിഴ്‌നാട്
ആകെ സീറ്റ്: 39
അണ്ണാ ഡി.എം.കെ: 37
ദക്ഷിണേന്ത്യയില്‍ മോദിയില്‍ സംതൃപ്തി ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനമാണ് തമിഴ്‌നാട്. മോദി എപ്പോഴെല്ലാം തമിഴ്‌നാട് സന്ദര്‍ശിച്ചിട്ടുണ്ടോ അപ്പോഴൊക്കെയും സാമൂഹികമാധ്യമങ്ങളില്‍ 'ഗോബാക്ക് മോദി' എന്ന ഹാഷ് ടാഗ് ട്രെന്‍ഡ് ആയി നില്‍ക്കുന്ന ഇവിടെ മോദിയിലുള്ള സംതൃപ്തി രണ്ടു ശതമാനം മാത്രമാണ്. ഇതാവട്ടെ ഇന്ത്യയിലെ ഏറ്റവും കുറവും. മുഖ്യമന്ത്രി അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിയില്‍ തമിഴര്‍ക്കുള്ള സംതൃപ്തി 7.7 മാത്രമാണ്. ഇതും ഒരുമുഖ്യമന്ത്രിക്കു കിട്ടിയ ഏറ്റവും മോശം അംഗീകാരമാണ്. ചുരുക്കത്തില്‍ ഇതിനകംതന്നെ വിഭാഗീയത രൂക്ഷമായ അണ്ണാ ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സഖ്യപരീക്ഷണം പാളുമെന്ന് ഉറപ്പായി. പോരാത്തതിന് ഡി.എം.കെയുമായി കോണ്‍ഗ്രസ്, സി.പി.എം, മുസ്‌ലിം ലീഗ്, സി.പി.ഐ, എം.ഡി.എം.കെ തുടങ്ങിയ കക്ഷികള്‍ സഖ്യവുമാണ്. സി വോട്ടര്‍ സര്‍വേയില്‍ ഇവിടെ എന്‍.ഡി.എയുടെ സമ്പാദ്യം അഞ്ചുസീറ്റിലൊതുങ്ങും. മറ്റു വലിയ സംസ്ഥാനങ്ങളായ ബിഹാറിലും പശ്ചിമബംഗാളിലും ബി.ജെ.പിക്ക് വലിയ പ്രതീക്ഷയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."