ലൈഫ്: കല്ലറയില്‍ 226 പേര്‍ക്കു കൂടി വീട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായ ലൈഫ് ഭവന പദ്ധതിയിലൂടെ കല്ലറ പഞ്ചായത്തിലെ 226 പേര്‍ക്കു കൂടി വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പില്ലാതെ വാസയോഗ്യമായ ഭവനം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയാണെന്ന് അഡ്വ. ഡി.കെ മുരളി എം.എല്‍.എ പറഞ്ഞു. ലൈഫ് പദ്ധതിയുടെ സാക്ഷ്യപത്ര വിതരണവും കരാര്‍ ഒപ്പിടലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് ഭവന പദ്ധതിയുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായപ്പോള്‍ കല്ലറയില്‍ 226 പേര്‍ ഗുണഭോക്താക്കളായി. വീടില്ലാത്തവര്‍, അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്നവര്‍, 25 സെന്റ് ഭൂമിയില്‍ താഴെയുള്ളവര്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍, മുന്‍പ് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കാത്തവര്‍ എന്നിവര്‍ക്കാണ് പെര്‍മിറ്റ് നല്‍കിയത്. ഓരോ കുടുംബത്തിനും നാലുലക്ഷം രൂപയാണ് ധനസഹായം നല്‍കുക. 400 ചതുരശ്ര അടിയില്‍ താഴെയുള്ള വീട് നിര്‍മിക്കാന്‍ ആദ്യഗഡുവായി പത്തു ശതമാനം തുക നല്‍കും. അടിത്തറ, ലിന്റില്‍ എന്നിവ പൂര്‍ത്തിയാക്കുന്ന ക്രമത്തില്‍ 40 ശതമാനം തുക വീതം നല്‍കും. ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമ്പോള്‍ ബാക്കിയുള്ള പത്തു ശതമാനം തുകയും ഗുണഭോക്താവിന് ലഭിക്കും. തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴില്‍ദിനങ്ങള്‍ വീടിന്റെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തും. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജി.എസ് ബീന, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷീല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഫസീല ബീവി, ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജെ.ജി ലിസി, പഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."