കുഞ്ഞുവിരലുകളില്‍ മഷി പുരട്ടി; ജനാധിപത്യം സംരക്ഷിക്കാന്‍
എടച്ചേരി: കുഞ്ഞു കൈവിരലുകളില്‍ മഷി പുരട്ടി പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ഭാവിയിലെ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകാനുള്ള പ്രതിജ്ഞ കൂടിയായിരുന്നു അവര്‍ക്ക്. ഓര്‍ക്കാട്ടേരി എം.എം ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ കൊച്ചു വിദ്യാര്‍ഥികളാണ് പൊതുതെരഞ്ഞെടുപ്പിനെ ഓര്‍മിപ്പിക്കും വിധം ജനാധിപത്യ രീതിയില്‍ വോട്ടവകാശം രേഖപ്പെടുത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പണവും വോട്ടു പിടിത്തവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ജനാധിപത്യത്തിന്റെ ബാലപാഠം വോട്ട് രേഖപ്പെടുത്തലിലൂടെ പഠിച്ചെടുത്തത്.
മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി പ്രിസൈഡിങ്, പോളിങ് ഓഫിസര്‍മാരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രാവിലെ തന്നെ പോളിങ് ബൂത്തിലെത്തിയ കൊച്ചുവോട്ടര്‍മാര്‍ തങ്ങളുടെ ഊഴവും കാത്ത് അക്ഷമരായി വരിയില്‍നിന്നു. സ്ഥാനാര്‍ഥികളുടെ ചിഹ്നവും പേരും രേഖപ്പെടുത്തിയ വോട്ടിങ് മെഷീനില്‍ തികഞ്ഞ ജനാധിപത്യ ബോധത്തോടെ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തി മടങ്ങി. വോട്ട് രേഖപ്പെടുത്തിയ സന്തോഷത്താല്‍ തങ്ങളുടെ കൈവിരലുകളിലെ മഷിയടയാളം മറ്റു കൂട്ടുകാര്‍ക്ക് പ്രദര്‍ശിപ്പിക്കാനും വാശിയായിരുന്നു.
2018-19 അധ്യയനവര്‍ഷത്തെ, ഹെഡ് ബോയ്, ഹെഡ്‌ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍, ലിറ്ററല്‍ സെക്രട്ടററി, കള്‍ച്ചറല്‍ സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്കാണ് വാശിയേറിയ മത്സരം നടന്നത്. യഥാക്രമം ഇ.കെ മുഹമ്മദ് ആദില്‍, ഷംലി ഷെറിന്‍ ഹാരിസ്, മുഹമ്മദ് യാസര്‍, നിംസി ഫാത്തിമ, ഹസ്‌റിന്‍ ഹനീഫ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രിന്‍സിപ്പല്‍ അബ്ബാസ് വാണിമേല്‍ റിസല്‍ട്ട് പ്രഖ്യാപിച്ചു.
സ്‌കൂളിലെ ഐ.ടി ക്ലബിന്റെ നേതൃത്വത്തില്‍ പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച വോട്ടിങ് സന്നാഹത്തിലൂടെ എല്‍.പി, യു.പി വിഭാഗങ്ങളിലായി എഴുന്നൂറോളം 'കുട്ടിവോട്ടര്‍'മാരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. കൊച്ചുകുട്ടികളില്‍ ജനാധിപത്യ ബോധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടത്തിയ സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനെ രക്ഷിതാക്കളും പ്രശംസിച്ചു.
ഫലപ്രഖ്യാപന ചടങ്ങില്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍, എം.കെ ബീരാന്‍ ഹാജി, എ.വി അബൂബക്കര്‍ മൗലവി, പി.പി ഉമ്മര്‍ ഹാജി, എം.കെ യൂസഫ് ഹാജി, കെ.ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍, കുമാരന്‍ മാസ്റ്റര്‍ സംസാരിച്ചു.
-----------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."