തീപ്പെട്ടി കമ്പനിയില്‍ മോഷണം; 16000 രൂപ കവര്‍ന്നു
തൊടുപുഴ: തീപ്പെട്ടിക്കൊള്ളി നിര്‍മാണ കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം. മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 16000 രൂപാ നഷ്ടപ്പെട്ടു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ നിന്നും ലഭിച്ചു.
മങ്ങാട്ടുകവല കെകെആര്‍ ലിങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെകെആര്‍ മാച്ചസ് കമ്പനിയില്‍ നിന്നാണ് പണം മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്.
ലിവര്‍ ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ ഓഫീസിനുള്ളില്‍ കടന്നത്. മുഖം മൂടാതെ ഓഫീസിന് അകത്തെത്തിയ മോഷ്ടാവ് സിസിടിവിയുമായി ബന്ധിപ്പിച്ച ടി.വി കണ്ട് പുറത്തേക്ക് പോയി. തുടര്‍ന്ന് ഒരുമിനിട്ടിന് ശേഷം തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് ഉപയോഗിച്ച് പൂര്‍ണമായും മുഖം മറച്ചാണ് അകത്തേക്ക് വന്നത്. തുടര്‍ന്നു ഓഫീസിലെ ഓപ്പണ്‍ ഷെല്‍ഫിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടുപയോഗിച്ച് കാമറ മറച്ചു. ഇതിനിടയില്‍ ഇയാളുടെ മുഖം വ്യക്തമായ രീതിയില്‍ കാമറയില്‍ പതിഞ്ഞിരുന്നു.
തുടര്‍ന്ന് ഓഫീസിലിരുന്ന സ്‌ക്രൂഡ്രൈവറും പ്ലയറും ഉപയോഗിച്ചാണ് മേശ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. എല്ലാ ഡ്രോകളും തുറന്ന് ഫയലുകളെല്ലാം അലങ്കോലമാക്കിയിട്ടുണ്ട്. രാവിലെ 9.30ന് സ്ഥാപനം തുറക്കാന്‍ വന്ന ജോലിക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് വാതില്‍ തുറന്നിരിക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഉടമയായ റഹിമിനെ വിളിച്ചറിയിച്ചു.
സ്ഥലത്തെത്തിയ റഹിം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. എസ് ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."