വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസ്; പ്രതിപട്ടികയില്‍ അഭിഭാഷകനും
പയ്യന്നൂര്‍: തളിപ്പറമ്പ് തൃച്ചംബരത്തെ റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ തളിപ്പറമ്പിലെ മുന്‍ തഹസില്‍ദാരെയും അന്നത്തെ വില്ലേജ് ഓഫിസറെയും പയ്യന്നൂരിലെ അഭിഭാഷകനെയും പ്രതിചേര്‍ക്കും.
ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ പൊലിസിനു ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണു കൃത്രിമ രേഖകളിലൂടെ പരേതന്റെ സ്വത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇവരെ പ്രതിചേര്‍ക്കുന്നത്.
തളിപ്പറമ്പിലെ മുന്‍ തഹസില്‍ദാര്‍ അസ്ലം, മുന്‍ തളിപ്പറമ്പ് വില്ലേജ് ഓഫിസര്‍ അബ്ദുല്‍ റഷീദ്, പയ്യന്നൂരിലെ അഭിഭാഷകന് രവീന്ദ്രന് എന്നിവരെ കൂടി കേസില്‍ പ്രതിചേര്‍ത്ത് കേസന്വേഷണം നടത്താനാണു പൊലിസിനു ലഭിച്ച നിര്‍ദേശം. ഇതേതുടര്‍ന്നു സി.ഐ കെ. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കേസന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരത്തെ റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദുരൂഹമരണവും തുടര്‍ന്നു കൃത്രിമ രേഖകളിലൂടെ പരേതന്റെ സ്വത്ത് തട്ടിയെടുത്തുവെന്നുമുള്ള സംഭവത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണു സംഭവവുമായി ബന്ധപ്പെട്ടവരെ കൂടി പ്രതിചേര്‍ക്കാന്‍ പൊലിസ് നടപടി ആരംഭിച്ചത്.
ബാലകൃഷ്ണന്റെ മരണം അദ്ദേഹത്തിന്റെ കോടികള്‍ ആസ്തിയുള്ള സ്വത്തുവകകള്‍ തട്ടിയെടുക്കുന്നതിനായി ആസൂത്രണം ചെയ്താണെന്ന സംശയത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് ബാലകൃഷ്ണന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളും പുറത്ത് കൊണ്ടുവന്നത്.തിരുവനന്തപുരത്ത് ഗുരുതര രോഗാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരിലെ അഭിഭാഷകയും ഭര്‍ത്താവും ബന്ധുക്കളെന്ന വ്യാജേനയെത്തി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുവരുന്നതിനിടയിലാണു ബാലകൃഷ്ണന് കൊടുങ്ങല്ലൂരില്‍ മരിക്കുന്നത്. ഇതിനുശേഷം പയ്യന്നൂരിലെ അഭിഭാഷകയുടെ സഹോദരിയായ കോറോത്തെ കെ.വി ജാനകിയെ ബാലകൃഷ്ണന് വിവാഹം ചെയ്തതായി കൃത്രിമരേഖകളുണ്ടാക്കി അതിന്റെ പിന്‍ബലത്തില്‍ പിന്തുടര്ച്ചാവകാശ സര്ട്ടിഫിക്കറ്റുമുണ്ടാക്കിയാണു പരേതന്റെ സ്വത്തുക്കള്‍ കൈക്കലാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അഭിഭാഷകയായ ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും ശൈലജയുടെ സഹോദരി ജാനകിയേയും ഈ സംഭവത്തില്‍ പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."