റിയാസും വീണയും വിവാഹിതരായി
ക്ലിഫ് ഹൗസില്‍ ലളിത ചടങ്ങ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകള്‍ വീണയും മുന്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ പി.എം അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ മുഹമ്മദ് റിയാസും വിവാഹിതരായി. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങോടെ ആയിരുന്നു വിവാഹം.
താലികെട്ടിനു ശേഷം ഇരുവരും പരസ്പരം വരണമാല്യം അണിയിച്ചു. തുടര്‍ന്ന് പിണറായി വിജയന്‍, റിയാസിന് മകളുടെ കൈപിടിച്ചു കൊടുത്തു. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ മുപ്പതില്‍ താഴെ പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. റിയാസിന്റെ പ്രായമേറിയ മാതാപിതാക്കള്‍ സുരക്ഷ പാലിച്ച് ചടങ്ങില്‍നിന്ന് വിട്ടുനിന്നു. റിയാസിന്റെ അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമാണ് എത്തിയത്.
ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി ഇ.പി ജയരാജന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ ബേബി, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സംബന്ധിച്ചു. മറ്റു മന്ത്രിമാരും ക്ഷണിക്കപ്പട്ടവരും പിന്നീടെത്തി ആശംസ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഡയരക്ടറായ വീണയുടെയും മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."