ലോകം ചുറ്റുന്ന പ്രധാനമന്ത്രിക്ക് വാരണാസിയിലെ ഗ്രാമങ്ങളിലെത്താന്‍ സമയമില്ലെന്ന് പ്രിയങ്കാ ഗാന്ധി
ഫൈസാബാദ്: മോദിക്കെതിരേ കടുത്ത വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്നലെ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിക്കെതിരേ അവര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ തന്റെ മണ്ഡലമായ വാരണാസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് സമയമുണ്ടായിരുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു.
മോദി തങ്ങളുടെ ഗ്രാമത്തില്‍ ഇതുവരെ സന്ദര്‍ശിച്ചില്ലെന്ന ഗ്രാമീണരുടെ വാക്കുകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രിക്ക് ഇതിനുള്ള സമയം ലഭിച്ചിട്ടില്ലെന്നാണ് മനസിലാകുന്നത്. പാവങ്ങളോട് വിരുദ്ധ മനോഭാവമാണ് ഈ സര്‍ക്കാരിനുള്ളതെന്ന് വ്യക്തമാക്കുന്നതാണ് മോദിയുടെ നിലപാടെന്നും പ്രിയങ്ക ആരോപിച്ചു.
അമേരിക്ക, ജപ്പാന്, ചൈന തുടങ്ങി എല്ലാ ലോക രാജ്യങ്ങളിലും സന്ദര്‍ശിക്കാന്‍ മോദി സമയം കണ്ടെത്തുന്നു. എന്നാല്‍ തന്റെ മണ്ഡലത്തിലെത്താന്‍ അദ്ദേഹത്തിന് തീരെ സമയമില്ല. ഇവിടത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇത് ചെറിയ കാര്യമല്ല. രാജ്യത്തെ സമ്പന്നര്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്-പ്രിയങ്ക ആരോപിച്ചു.
ജനതാ വിരോധി, കിസാന്‍ വിരോധി എന്നിങ്ങനെയാണ് പ്രിയങ്ക, മോദി സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെയെല്ലാം സര്‍ക്കാര്‍ നശിപ്പിച്ചു. ജനാധിപത്യവും ഭരണഘടനയും പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് ചിന്തിക്കാനുള്ള സമയമാണെന്നും പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."