പാക് സൈനികനെ ഇന്ത്യ തടവിലാക്കിയെന്ന് ആരോപണം
ഇസ്‌ലാമാബാദ്: നേപ്പാളിലേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്ന വിരമിച്ച പാക് സൈനികനെ ഇന്ത്യന്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്‌തെന്ന് പാകിസ്താന്‍ ആരോപിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനു വേണ്ടിയാണ് ഇതെന്നും പാക് സൈന്യത്തിലെ മുതിര്‍ന്ന രണ്ടു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹബീബിനെയാണ് ഇന്ത്യ അറസ്റ്റ് ചെയ്തത്. ഇയാളെ ഈമാസം ആറുമുതല്‍ കാണാനില്ലായിരുന്നുവെന്നും കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനവുമായി ബന്ധപ്പെട്ട വിലപേശലിനാണ് ഇന്ത്യന്‍ ശ്രമമെന്നും പാക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പേരുവെളിപ്പെടുത്തരുത് എന്നു പറഞ്ഞാണ് ഇരു ഉദ്യോഗസ്ഥരും തങ്ങളോട് സംസാരിച്ചതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ആറിന് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഹബീബ് ഇറങ്ങിയിരുന്നുവെന്നും ഒരു ഇന്ത്യക്കാരന്‍ ഇയാളെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ഇവര്‍ പറഞ്ഞു. ഹബീബിനെ കസ്റ്റഡിയിലെടുത്തത് റോ ആണെന്നാണ് ഇവരുടെ വാദം.
അതിനിടെ, കുല്‍ഭൂഷണ്‍ ജാദവിനെതിരായ കുറ്റം ഇവര്‍ ആവര്‍ത്തിച്ചു. 1,345 പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നും ഭീകരവാദമാണ് അദ്ദേഹം നടത്തിയതെന്നുമാണ് ഇവരുടെ വാദം. ജാദവിന് വധശിക്ഷ വിധിച്ചതോടെ ഇന്ത്യാ-പാക് ബന്ധം മോശംനിലയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."