പെരുമ്പളം പാലത്തിന് 99.08 കോടി രൂപ പൊതുമരാമത്ത് വകുപ്പ് വിശദ പദ്ധതി രേഖ സമര്‍പ്പിച്ചു
പൂച്ചാക്കല്‍: പെരുമ്പളം പാലത്തിനു 99.08 കോടി രൂപ. പൊതുമരാമത്ത് വകുപ്പ് വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) സമര്‍പ്പിച്ചു. ബൗസ്ട്രിങ് ആര്‍ച്ച് എന്ന മാതൃകയില്‍ പെരുമ്പളം പാലം നിര്‍മിക്കാനാണു ഡി.പി.ആറില്‍ തീരുമാനമുള്ളത്. പാലത്തിന്റെ മധ്യത്തില്‍ ആര്‍ച്ചുകള്‍ വരുന്ന രീതിയാണിത്. ആലുവ പാലത്തിന്റെ ഏകദേശ മാതൃകയാണിതെന്ന് അധികൃതര്‍ പറയുന്നു.
എക്‌സ്ട്രഡോസ്ഡ് എന്ന മാതൃകയില്‍ പാലം നിര്‍മിക്കുന്നതിനായിരുന്നു ആദ്യ തീരുമാനം. ഇതിനു ചെലവ് കൂടുമെന്നതിനാല്‍ ഡി.പി.ആറില്‍ മാറ്റം വരുത്തുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. പാലത്തിനു ഭരണാനുമതി ഇതിനോടകം ലഭിച്ചു. ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഡി.പി.ആര്‍ തയാറാക്കി കിഫ്ബിക്കു സമര്‍പ്പിച്ചിരിക്കുകയാണ്. ഈ മാസം കിഫ്ബിയില്‍ നിന്നും സാമ്പത്തികാനുമതി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതേ തുടര്‍ന്നു സ്ഥലം ഏറ്റെടുക്കല്‍, സാങ്കേതികാനുമതി നേടല്‍ നടപടികള്‍ തുടങ്ങും. ഇതും പൂര്‍ത്തിയായാല്‍ ടെന്‍ഡര്‍ ചെയ്ത്, ശിലാസ്ഥാപനം നടത്തി പാലം നിര്‍മാണം തുടങ്ങാനാകും. കിഫ്ബി ഫണ്ടില്‍ 100 കോടി രൂപയാണു പാലം നിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നടപടികള്‍ എല്ലാം എത്രയും വേഗം പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പെരുമ്പളം ദ്വീപ് നിവാസികള്‍.
സ്ഥലം ഏറ്റെടുക്കുന്നതിന് 4.86 കോടി രൂപ
പൂച്ചാക്കല്‍: അരൂക്കുറ്റിയിലെ വടുതല ജെട്ടി മുതല്‍ പെരുമ്പളം നോര്‍ത്ത് ജെട്ടി വരെയുള്ള കായല്‍ദൂരത്തില്‍ 1,140 മീറ്റര്‍ നീളത്തിലും ഇരു വശങ്ങളിലും ഒന്നര മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലുമാണു പാലം വരുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിനും പാലത്തിലേക്കു വരുന്ന ഇരു കരകളിലെയും പ്രധാന റോഡുകളുടെ വികസനത്തിനുമായി സ്ഥലം ഏറ്റെടുക്കുന്നതിന് 4.86 കോടി രൂപ ഡി.പി.ആറില്‍ വകയിരുത്തിയിട്ടുണ്ട്. പാലത്തിന്റെ ആകെ തുകയില്‍ നിന്നു തന്നെയാണ് ഇതും നല്‍കുന്നത്. വടുതല പ്രദേശത്തു 70 സെന്റും പെരുമ്പളം പ്രദേശത്ത് 184 സെന്റ് സ്ഥലവുമാണു പാലം നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടതെന്നും ഡി.പി.ആറില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."