വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്.സിക്ക് വിടുന്നതിനെതിരേ വീണ്ടും പ്രതിഷേധമുയരുന്നു
കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്.സിക്ക് വിടുന്നതിനെതിരേ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. 2017ല്‍ തന്നെ പിണറായി സര്‍ക്കാര്‍ ഇത്തരം തീരുമാനമെടുത്തെങ്കിലും അന്നത് നടപ്പാക്കാനായിരുന്നില്ല. വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നു പിന്തിരിഞ്ഞത്.
അന്ന് മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.
നിയമനം പി.എസ്.സിക്ക് വിട്ടാല്‍ വിശ്വാസികളെ നിയമിക്കാനാവില്ല എന്നതായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പി.എസ്.സി മുഖേന നിയമനം നടക്കുമ്പോള്‍ മതവിശ്വാസികളല്ലാത്തവരും നിയമിക്കപ്പെടുമ്പോള്‍ ഇത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുതന്നെ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനെതിരേ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി കഴിഞ്ഞിട്ടുണ്ട്. നിയമനം പി.എസ്.സിക്കു വിട്ടാല്‍ വഖഫ് ബോഡിന് കീഴിലുള്ള ഹെഡ് ഓഫിസിലെയും എട്ട് മേഖലാ ഓഫിസുകളിലെയും 200 ഓളം തസ്തികകളിലാണ് പിഎസ്.സിക്ക് നിയമനം നടത്താന്‍ സാധിക്കുക.
ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനം ദുരുദ്ദേശ്യപരമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി. വഖ്ഫ് ബോര്‍ഡ് നിയമനത്തിന് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് പോലെ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കു ചൂടേറുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."