സമ്മതിദായകര്‍ക്ക് സഹായകമായി വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്
കാസര്‍കോട്: രാജ്യത്താകമാനമുള്ള സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വികസിപ്പിച്ച വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ജനശ്രദ്ധനേടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍നിന്ന് തത്സമയം ഡാറ്റ ഇതുവഴി ലഭ്യമാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാവിവരങ്ങളും ഒരിടത്തുനിന്ന് നല്‍കുക എന്നതാണ് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പിന്റെ പ്രധാന ലക്ഷ്യം. തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാല്‍ തെരഞ്ഞെടുപ്പ് ഓഫിസോ വോട്ടര്‍ ബൂത്തോ സന്ദര്‍ശിക്കാതെ വിലാസം മാറ്റുന്നതിനും ഇതുവഴി സാധിക്കും.
പോളിങ് ബൂത്ത് സംബന്ധിച്ച സംശയനിവാരണം, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍, വോട്ടിങ് മെഷീനുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ഓരോ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കുന്ന എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാണ്. കൂടാതെ തെരഞ്ഞെടുപ്പ് സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും അതിന്റെ ഡിസ്‌പോസല്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും. സമ്മതിദായകര്‍ക്കുള്ള മറ്റ് അത്യാവശ്യവിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."