കൊറ്റമല കോതറാണി സവര്‍ണ മണ്ണിലെ 'ദലിത് റാണി '
ഇവിടെ എത്തുമ്പോള്‍ പ്രകൃതി പൂര്‍ണനിശബ്ദയായിരുന്നുവെന്നു തോന്നി. കാറ്റിന്റെ മൂളക്കമില്ല. ചീവീടിന്റെ ശബ്ദമില്ല. കുതിരക്കുളമ്പടിയില്ല. മുതലകളുടെ അലര്‍ച്ചയുമില്ല. പക്ഷേ ചുറ്റുമുള്ള പ്രകൃതിക്ക് എന്തൊക്കെയോ കഥകള്‍ പറയാനുണ്ട്. പുരാതനകാലത്തു നിന്നെന്നപോലെ കാറ്റിന്റെ മൂളക്കം. ദലമര്‍മ്മരങ്ങള്‍ക്ക് യുഗയുഗാന്തരങ്ങളുടെ പ്രകമ്പനം. ആരോ അവിടെ പിടിച്ചു നിര്‍ത്തുമ്പോലെ. ഒരു കാട്ടുവഴിയിലാണിപ്പോള്‍. സവര്‍ണ രാജാപദാനങ്ങള്‍ മാത്രം കേട്ടു ശീലിച്ച മണ്ണില്‍ നില്‍ക്കുമ്പോള്‍, ഒരു സാമ്രാജ്യം തീര്‍ത്ത കോതറാണി മുന്നില്‍ വന്ന് നില്‍ക്കുമ്പോലെ. നാലര നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തിരുവിതാംകൂറിന്റെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങള്‍ അടക്കി വാണിരുന്നവരായിരുന്നു 'പുലയരാജവംശം'. അവരിലെ അവസാനത്തെ റാണിയായിരുന്നു 'കോതറാണി'.
ആരാണ് കോതറാണി
തലസ്ഥാന ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലെ ഉഴമലയ്ക്കല്‍ പഞ്ചായത്തിലാണ് കോതറാണി അടക്കി ഭരിച്ചിരുന്ന പഴയ കൊക്കോതമംഗലം. കോതറാണിയുടെ ഭരണത്തോടു കൂടിയാണ് ആ പ്രദേശത്തിന് 'കൊക്കോതമംഗലം' എന്ന് പേരുണ്ടായത്. എ.ഡി ഏഴാം നൂറ്റാണ്ടു മുതല്‍ ഒന്‍പതാം നൂറ്റാണ്ടു വരെയുള്ള കാലം. തലസ്ഥാനനഗരിയില്‍ നിന്നു നാലുമൈല്‍ അകലെ വടക്കുപടിഞ്ഞാറുമാറി സമുദ്രതീരത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കുന്നിന്‍പ്രദേശമാണ് പുലയനാര്‍കോട്ട. ഈ കോട്ടയുടെ അധിപന്മാര്‍ വള്ളുവരാജാക്കന്മാരായിരുന്നു. അങ്ങനെയിരിക്കെ അവസാനത്തെ വള്ളുവരാജാവ് കൊല്ലപ്പെട്ടു. തുടര്‍ന്ന് അധികാരത്തിലെത്തിയത് ഒരു പുലയന്‍. പെരുമാട്ടി എന്ന പുലയവനിതയുടെ സന്തതി പരമ്പരയില്‍പ്പെട്ട ഒരാള്‍. അയാളുടെ പേര് 'അയ്യന്‍കോതന്‍'. വേളീക്കായലിന് അഭിമുഖമായിട്ടാണ് പുലയനാര്‍കോട്ട സ്ഥിതിചെയ്തിരുന്നത്. തലസ്ഥാനനഗരിയില്‍ നിന്നു നാലുമൈല്‍ അകലെ വടക്കുപടിഞ്ഞാറുമാറി സമുദ്രതീരത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കുന്നിന്‍പ്രദേശമാണ് പുലയനാര്‍കോട്ട. അയ്യന്‍കോതന് രണ്ട് സഹോദരിമാര്‍. മൂത്തവള്‍ കണ്ണമാല. ഇളയവള്‍ കോത. കണ്ണമാല താമസിച്ചിരുന്ന ഇടം ഇന്നത്തെ കണ്ണമ്മൂല. കൊക്കോതമംഗലത്തെ നാട്ടുറാണിയായിരുന്നു കോത. കൊല്ലിനും കൊലയ്ക്കും വരെ അവകാശമുണ്ടായിരുന്ന കോതറാണി അക്കാലത്തെ സവര്‍ണരുടെ ഒരു പേടിസ്വപ്‌നമായിരുന്നു, അതിനാല്‍ സവര്‍ണപ്രമാണിമാര്‍ക്ക് കോതറാണിയോട് കടുത്ത അസൂയയും.
കോതറാണിയുടെ വളര്‍ച്ച
കോക്കോതമംഗലത്തെ റാണിയായിരുന്നു അവര്‍. വേണാട് ഭരിച്ചിരുന്ന ഉമയമ്മ റാണിയുടെ ആത്മമിത്രം. കിടങ്ങുകളും മുതലക്കുളങ്ങളും നിറഞ്ഞതായിരുന്നു കൊക്കോതമംഗലം കൊട്ടാരം. പുലയനാര്‍ കോട്ടയിലെ കിണറില്‍ നിന്ന് കൊക്കോതമംഗലത്തേക്കും തുരങ്കപാതയുണ്ടായിരുന്നു. വലിയ കളരിയാകട്ടെ യോദ്ധാക്കളും കാട്ടാനകള്‍ കാക്കുന്ന കോട്ട വാതിലുകളുംകൊണ്ട് സംരക്ഷിക്കപ്പെട്ടിരുന്നു. ഇവിടത്തെ കിണറ്റില്‍നിന്നും പുലയനാര്‍ കോട്ടയിലേയ്ക്കുളള ഒരു ഗുഹാ മാര്‍ഗമുണ്ട്. ഏകദേശം നാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് കൊക്കോതമംഗലം അടക്കിവാണിരുന്ന കോതറാണിക്ക് റോമാസാമ്രാജ്യവുമായിപോലും പായ്ക്കപ്പലുവഴി വാണിജ്യബന്ധം ഉണ്ടായിരുന്നുവത്രെ. 1883 ല്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍' എന്ന ഗ്രന്ഥത്തിലെ മൂന്നാം അധ്യായത്തില്‍ കോതറാണിയെ പരാമര്‍ശിക്കുന്നുണ്ട്. ജസ്റ്റിസ് പി. രാമന്‍ തമ്പി തയാറാക്കി 1916ല്‍ സമര്‍പ്പിച്ച കുടിയാന്‍ റിപ്പോര്‍ട്ടില്‍ കോതറാണിയുടെ പുത്രി ആതിരറാണിയുടെ തെരണ്ടു കല്യാണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കരപ്രമാണിക്കാര്‍ക്ക് നല്‍കിയ ആ തിട്ടൂരം ഇങ്ങനെ ആജ്ഞാപിക്കുന്നു. 'രാജകുമാരിയുടെ തെരണ്ടു കല്യാണത്തില്‍ സഹകരിക്കുകയും വേണ്ട ഒത്താശകള്‍ നല്‍കുകയും ചെയ്യണം, അല്ലാത്തപക്ഷം അവരെ പുല്ലോടെ, പുരയോടെ കല്ലോടെ, കരയോടെ ചോദ്യം ചെയ്യുന്നതാണ്' രാജകുമാരിയുടെ ആജ്ഞ കരപ്രമാണിമാര്‍ ശിരസാ അനുസരിച്ചുവെങ്കിലും അവരിലെ പ്രതികാരാഗ്‌നി ആളിക്കത്തിക്കൊണ്ടിരുന്നു.
സോഷ്യലിസം
കോതറാണിയുടെ നാട്ടില്‍ പട്ടിണിയില്ല. ക്ഷാമകാലത്ത് പോലും ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കാന്‍ സംവിധാനമൊരുക്കിയിരുന്നു. കരം പിരിവ് നടത്തിയത് പണക്കാരില്‍ നിന്നുമാത്രം. ചന്തകളില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് ആഹാര സാധനങ്ങള്‍ വിതരണം നടത്തിയിരുന്നു. നാട്ടുകാര്‍ക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവളായിരുന്നു കോത.
പുലയരാജ്യത്തിന്റെ പ്രശസ്തി
കോതറാണിയുടെ നാട്ടില്‍ പാണ്ഡ്യദേശത്ത് നിന്നു പോലും കച്ചവടക്കാര്‍ എത്തിയിരുന്നു. തിരുവിതാംകൂറിന്റെ ചരിത്രവും മറ്റും തയ്യാറാക്കാന്‍ നിയോഗിച്ച നാഗമയ്യ രചിച്ച 1932 ലെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വലില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- ഇവിടെ ഒരു പാത ഉണ്ടായിരുന്നു. തിരുവിതാംകൂറിനെയും തമിഴ്‌നാട്ടിനെയും ബന്ധിപ്പിക്കുന്ന പാത. അംബാസമുദ്രത്തില്‍ നിന്നു തുടങ്ങി അഗസ്ത്യവനത്തിലൂടെ കടന്ന് ബോണക്കാട്, കോട്ടൂര്‍ വഴി അനന്തപുരിയിലും മറ്റും എത്താന്‍ കഴിയുന്ന പാത. ഈ പാത വഴി എത്തുന്ന കച്ചവടക്കാര്‍ കോതറാണിയുടെ വീരസ്യം പാണ്ഡ്യദേശത്തും എത്തിച്ചിരുന്നു. വന്‍ സാമ്പത്തികനേട്ടമാണ് ഈ നാട്ടുരാജ്യം കച്ചവടം വഴി നേടിയിരുന്നത്.
ആന കച്ചവടവും
ഇവിടെ ആനയുടെ കച്ചവടവും നടന്നിരുന്നു. കാട്ടില്‍ നിന്നു പിടിക്കുന്ന ആനയെ ചന്തയില്‍ എത്തിച്ച് കൊട്ടാരത്തില്‍ നിന്നു വരുന്ന ഒരു പ്രതിനിധിയുടെ സാന്നിധ്യത്തില്‍ ലേലം ചെയ്താണ് വില്‍ക്കുന്നത്. ആനകളെ പിടിക്കാന്‍ നിയോഗിക്കുന്നവര്‍ക്ക് പണം കൊട്ടാരത്തില്‍ നിന്നു നല്‍കും. രണ്ടു സംസ്ഥാനങ്ങളിലെ പ്രമാണിമാര്‍ ആനകളെ വാങ്ങാന്‍ ഇവിടെ എത്തിയിരുന്നു.
നാശത്തിന്റെ തുടക്കം
ഒരിക്കല്‍ ആറ്റിങ്ങല്‍ നിന്നുളള കുറെ കൊശവന്‍മാര്‍ കൊക്കോതമംഗലം കൊട്ടാരത്തിലെത്തി മണ്‍പാത്ര വില്‍പ്പന നടത്തി. കൊശവന്‍മാരില്‍നിന്നും പാത്രങ്ങള്‍ വാങ്ങിയത് കോതറാണിയുടെ സുന്ദരിയായ മകള്‍ ആതിരകുമാരിയായിരുന്നു. പാത്രങ്ങള്‍ക്ക് പകരം നെല്ലായിരുന്നു അളന്നുകൊടുത്തത്. കൊശവന്‍മാര്‍ വീട്ടില്‍ ചെന്ന് നെല്ലളക്കുമ്പോള്‍ അതില്‍ ആറടി നീളമുളള ഒരു തലമുടി കണ്ടു. നീളംകൂടിയ ഈ തലമുടിയുടെ വിവരം ആറ്റിങ്ങല്‍ കൊട്ടാരത്തിലുമെത്തി. രാജകുമാരിയുടെ തലമുടിയിലൂടെ അനുരാഗമുദിച്ച തമ്പുരാന്‍ തലമുടി സ്വര്‍ണച്ചെപ്പില്‍ സൂക്ഷിച്ചു. ഒടുവില്‍ ആറ്റിങ്ങല്‍ രാജാവ് കോതറാണിയുടെ പുത്രിയെ വിവാഹം ചെയ്യാനാഗ്രഹിച്ചുകൊണ്ട് നീട്ടുകൊടുത്തുവിട്ടു. നീട്ട് സ്വീകരിച്ച റാണി ആതിരയുമായുളള വിവാഹത്തിന് സാധ്യമല്ലെന്ന് അറിയിച്ചു.
വിവരം ഗ്രഹിച്ച തമ്പുരാന് കലികയറി. ആറ്റിങ്ങല്‍ രാജാവ് കൊക്കോതമംഗലത്തെ ആക്രമിച്ചു. കോതറാണിയും രാജ്യത്തുടനീളം സൈന്യശേഖരം നടത്തി. കിടങ്ങുകളിലെല്ലാം മുതലകളെ നിറച്ചു. കോട്ടക്കുളളിലും പുറത്തും മദയാനകളെ നിര്‍ത്തി. വേട്ടനായ്ക്കളെ തുറന്നുവിട്ടു. മല്ലയുദ്ധ വീരന്‍മാര്‍ കോട്ടയ്ക്ക് കാവല്‍നിന്നു. കോതറാണിയും മകള്‍ ആതിരറാണിയും സൈന്യത്തിന് നേതൃത്വം കൊടുത്തു. ദിവസങ്ങളോളം ഘോരയുദ്ധം നടന്നു. ഇരുപക്ഷത്തും ആള്‍നാശമുണ്ടായി. ഒടുവില്‍ കരപ്രമാണിമാര്‍ ചതിച്ചു. റാണി ഒറ്റപ്പെട്ടു. വിവരം ഗ്രഹിച്ച റാണിയുടെ സഹോദരന്‍ പുലയനാര്‍ കോട്ട രാജാവ് തന്റെ സൈന്യങ്ങളെ അയച്ച് ആറ്റിങ്ങല്‍ രാജാവിന്റെ മറവപ്പടയുമായി ഏറ്റുമുട്ടുകയും ആറ്റിങ്ങല്‍ കൊട്ടാരം തീവയ്ക്കുകയും ചെയ്തു.
ഇതിനിടെ കോതറാണിയെ മറവപ്പടകള്‍ നെടുമങ്ങാടിന് സമീപംവച്ച് ഒരു വന്‍മരം മുറിച്ചുവീഴ്ത്തി കൊലപ്പെടുത്തി. മകള്‍ ആതിരറാണി രക്ഷയില്ലെന്ന് കണ്ട് കുതിരപ്പുറത്ത് അമ്മാവന്റെ പുലയനാര്‍ കോട്ടയില്‍ എത്തി. ആറ്റിങ്ങല്‍ സൈന്യം പുലയനാര്‍ കോട്ട വളഞ്ഞു. രാജകുമാരിയെ ജീവനോടെ പിടിച്ചുകൊണ്ട് ചെല്ലണമെന്നായിരുന്നു കല്‍പ്പന. പിടിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ ആറ്റിങ്ങല്‍ രാജാവിന്റെ വെപ്പാട്ടിയായി കഴിയേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ഒടുവില്‍ മാനം രക്ഷിക്കാന്‍ ആ പുലയ രാജകുമാരി കുതിരയോടൊപ്പം മുതലകള്‍ നിറഞ്ഞ കിടങ്ങില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം. കോതറാണിയുടെ കൊട്ടാരവും അമ്മാവന്റെ പുലയനാര്‍കോട്ടയും പൂര്‍ണ്ണമായും നശിപ്പിച്ചു. പുലയരാജവംശത്തിന്റെ അവസാനകണ്ണിയും മരണപ്പെട്ടതോടെ ആ രാജവംശം തന്നെ ഇല്ലാതായി.
ഇപ്പോള്‍ എന്ത്?
ഇപ്പോള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാണ് കോതറാണിയും അവരുടെ കോട്ട സ്ഥിതി ചെയ്യുന്ന കൊറ്റമലയും. പുലയരാജവംശത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു കോതറാണി. പുലയ പ്രതാപത്തിന്റെ പ്രതീകമായ കൊക്കോതമംഗലം കോട്ടയുടെ ചരിത്രാവശിഷ്ടങ്ങള്‍ കൊറ്റമലക്കുന്നിന്റെ നെറുകയിലുളള കൊക്കോതമംഗലം കോട്ടയുടെ മതില്‍ കാലപ്പഴക്കംകൊണ്ട് അങ്ങിങ്ങായി ഇടിഞ്ഞുപോയിട്ടുണ്ട്. നാല് നൂറ്റാണ്ടുകളെ അതിജീവിച്ച കോട്ട ഇന്ന് തകര്‍ന്നു കഴിഞ്ഞു. കോതറാണി താമസിച്ചിരുന്ന കൊട്ടാരക്കെട്ടുകളും കോട്ടമതിലും നശിച്ചു. കിണറുകളും തുരങ്കങ്ങളും മണ്ണിട്ട് മൂടി. പുലയനാര്‍ കോട്ടയുടെ അവശിഷ്ടങ്ങളും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ടുകഴിഞ്ഞു. കൊറ്റമല ഇന്ന് കയ്യേറ്റക്കാരുടെ കയ്യിലാണ്. ഇവിടെ റബ്ബര്‍കൃഷിയും കപ്പ കൃഷിയും ചെയ്ത് പലരും 260 ഏക്കറോളം വരുന്ന ഭൂമി കയ്യടക്കി, ആധാരവും സമ്പാദിച്ചു. അതേപോലെ പുലയ ഭരണകേന്ദ്രത്തിന്റെ ആസ്ഥാനമായി വിളങ്ങിയിരുന്ന പുലയനാര്‍കോട്ടയില്‍ കൊട്ടാരക്കെട്ടുകളുടെയും, കോട്ടമതിലിന്റെയും, ഒരു വന്‍കിണറ്റിന്റെയും അവശിഷ്ടങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തിഎണ്‍പതുകളില്‍ പോലും അവിടെ കാണപ്പെട്ടിരുന്നു. ഇന്ന് അതൊക്കെ പലരും കൈയ്യേറി നശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ചുരോഗാശുപത്രിയും പ്രവര്‍ത്തിക്കുന്നത് പുലയനാര്‍കോട്ടയിലാണ്. ദക്ഷിണ മേഖലാ എയര്‍ കമാന്റ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. പുലയനാര്‍ കോട്ടയില്‍ നിന്നു കൊറ്റമലയിലേയ്ക്ക് രഹസ്യ തുരങ്കമുണ്ടായിരുന്നു. അത് ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ അടച്ചു. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് പണിതപ്പോള്‍ ഒരു തുരങ്കം കണ്ടിരുന്നു. നെടുമങ്ങാട്ട് നിന്നു മൂന്ന് കിലോമീറ്റര്‍ മാറിയാണ് കോതറാണിയുടെ വിളനിലം. നെടുമങ്ങാട്ട് നിന്നു വെള്ളനാട്ടേയ്ക്കുള്ള റോഡില്‍ കൊക്കോതമംഗലത്ത് എത്തി അവിടെ നിന്ന് അല്‍പ്പം നടന്നാല്‍ മലയിലെത്താം.
കോതറാണി മരിച്ചു, പിറകെ അവരുടെ സാമ്രാജ്യവും
അസൂയ മൂത്ത കരപ്രമാണിമാരും രാജാവും തകര്‍ത്തെറിഞ്ഞത് കോതറാണിയെ മാത്രമല്ല, ഒരു സംസ്‌കാരത്തെ കൂടിയാണ്. കൊറ്റമലയും പുലയനാര്‍കോട്ടയും തകര്‍ത്തതോടെ ദലിതരുടെ അവകാശങ്ങളും അധികാരങ്ങളും ചോദ്യം ചെയ്യപ്പെട്ടു. നവീനകാലത്തിലും അതാണ് സാക്ഷ്യപ്പെടുത്തുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."