മുളയങ്കാവ് ക്ഷേത്രക്കുളം ശുചീകരണം തുടങ്ങി
കൊപ്പം: നാശോന്മുഖമായി കിടക്കുന്ന മുളയന്‍കാവ് ഭഗവതി ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ഒന്നാംഘട്ടത്തില്‍ കുളത്തിലെ ചളിയും, മണ്ണും, കല്ലുകളും മുകളിലേക്ക് കയറ്റുന്ന പ്രവൃത്തികളാണ് നടക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ നിലവിലുള്ള കരിങ്കല്പടവിന് മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍ട്ട് കെട്ടി കരിങ്കല്ലില്‍ പാര്‍ശ്വഭിത്തികള്‍ മുകളിലേക്ക് കെട്ടിപൊക്കുന്ന പ്രവൃത്തികളാണ് നടക്കുകയെന്ന് ക്ഷേത്രം എക്സി.ഓഫിസര്‍ വേണുഗോപാല്‍ ചന്ദനകാവ് പറഞ്ഞു.
ക്ഷേത്രക്കുള നവീകരണത്തിനായി രണ്ടര വര്‍ഷം മുമ്പ് സര്‍ക്കാറില്‍നിന്ന് അനുവദിച്ച നാല് ലക്ഷംരൂപ വിനിയോഗിക്കാത്തതിനെതിരേ കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം കമ്മീഷണര്‍ക്കും, മുന്ക്ഷേത്രം എക്സി.ഓഫിസര്‍മാര്‍ക്കും പരാതി നല്‍കിയിരുന്നു.
ഈ മാര്‍ച്ചില്‍ ക്ഷേത്രത്തില്‍ ചുമതലയേറ്റടുത്ത എക്സി.ഓഫിസറുമായി കാവ് സംരക്ഷണ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അടിയന്തിരമായി ക്ഷേത്രക്കുളം നവീകരിക്കാന്‍ തീരുമാനമാക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രക്കുളം നിരവധിപേര്‍ കുളിക്കാനായി ഉപയോഗിച്ചു വരുന്നതാണ്.
പാര്‍ശ്വഭിത്തികള്‍ തകര്‍ന്നും, ചെളിയും, ചണ്ടിയും നിറഞ്ഞും നാശോന്മുഖമായി കിടക്കുന്ന ക്ഷേത്രക്കുളം നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വേനലിലും വറ്റാത്ത ജലസംഭരണിയായ ഈ ക്ഷേത്രക്കുളം സ്ഥലത്തെ പ്രധാന ജലസ്രോതസുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."