പ്രധാന നഗരങ്ങളില്‍ ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം
മലപ്പുറം: ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന ഉത്തരവിന് പിന്നാലെ ഡീസല്‍ ഓട്ടോകള്‍ക്കെതിരേയും നിലപാടെടുത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍.
കേരളത്തിലെ പ്രധാന കോര്‍പറേഷനുകളില്‍ ഡീസല്‍ ഓട്ടോകള്‍ നിരോധിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നീക്കം.
ഡീസല്‍ ഓട്ടോകളുടെ പുക, ശബ്ദ മലിനീകരണം കൂടുതലായതിനാലാണ് പുതിയ നീക്കം. ഇതിന്റെ അടിസ്ഥാത്തില്‍ കോഴിക്കോട,് കൊച്ചി, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു ഇനി പെര്‍മിറ്റ് നല്‍കില്ല.
ഇതിനുള്ള ശുപാര്‍ശ മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കി. നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍.പി.ജി, സി.എന്‍.ജി. ഇന്ധനത്തിലേക്കു മാറ്റാനാണ് ശുപാര്‍ശ. പുതുതായി ഡീസല്‍ ഓട്ടോകള്‍ ഒന്നും അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം നിലവില്‍ പെര്‍മിറ്റുള്ള ഓട്ടോകള്‍ക്ക് ഓടാനാകും. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയേക്കാവുന്ന നിര്‍ദേശമാണ് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.
അനധികൃത ഓട്ടോറിക്ഷകളെ ഒഴിവാക്കാനായി ഇവക്ക്് പ്രത്യേക നിറവും നമ്പറും നല്‍കാനും ആലോചനയുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ പരിപാടി വിജയം കണ്ട സാഹചര്യത്തിലാണ് കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്നത്.
ഇത് അനധികൃത ഓട്ടോകളെ നിയന്തിരക്കാന്‍ സഹായിക്കും. നിലവില്‍ അനധികൃത ഓട്ടോകള്‍ നഗരത്തിലെത്തുന്നത് പലപ്പോഴും നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുമായി പ്രശ്‌നങ്ങള്‍ക്കിടയാക്കാറുണ്ട്. ഇതൊഴിവാക്കുന്നതിനാണ് നിര്‍ദേശം ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ കൂടുതല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഈ നഗരങ്ങളില്‍ ഓട്ടോ പെര്‍മിറ്റ് നല്‍കിയിട്ടില്ല. പെര്‍മിറ്റില്ലാതെ പുറത്തുനിന്ന് നഗരത്തിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നത് പലപ്പോഴും ക്രിമിനല്‍ സംഘാംഗങ്ങളാണ്.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം നടപ്പാക്കുന്നത് ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയത്.
ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന ട്രാന്‍സ്‌പോര്‍ട്ട്് കമ്മിഷനറുടെ നിര്‍ദേശം അടുത്ത മാസം ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
തുടക്കത്തില്‍ വകുപ്പ് മന്ത്രി തീരുമാനം എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷംമുമ്പ് നടപ്പാക്കി പരാജയപ്പെട്ട പദ്ധതിയാണെന്ന് തുടക്കത്തിലേ ആക്ഷേപമുയര്‍ന്നിരുന്നു.
ഡീസല്‍ ഓട്ടോകള്‍ക്ക് കടിഞ്ഞാണിടാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇത് വലിയ ഒച്ചപ്പാടിനിടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."