ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത്ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ജില്ലാ-താലൂക്ക്തല അദാലത്ത് നടത്തും
പാലക്കാട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍നിന്നും ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ജില്ലാ-താലൂക്ക് തലത്തില്‍ ജില്ലാ കലക്ടര്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
തീയതി നിശ്ചയിച്ച് കഴിഞ്ഞാല്‍ താലൂക്ക്-വില്ലേജ്-പഞ്ചായത്ത് ഓഫിസുകളിലൂടെ വ്യാപകമായ പ്രചാരണം നല്‍കും. ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായാണ് പരാതികള്‍ സ്വീകരിക്കുക.
അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനമുണ്ടാവും. പട്ടിക വര്‍ഗ കോളനികളിലുള്ളവരെ സഹായിക്കുന്നതിനായി പ്രൊമോട്ടര്‍മാര്‍ മുഖേന നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് വാങ്ങി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അതത് താലൂക്ക് തലത്തില്‍ സംവിധാനമൊരുക്കും.
പരാതികള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് എന്‍.ഐ.സി പരിശീലനം നല്‍കും.
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിന്റെ ആദ്യഘട്ടത്തില്‍ ജില്ലയിലെ ഏഴ് പിന്നാക്ക പ്രദേശങ്ങളില്‍ അതത് എം.എല്‍.എ.യേയും മറ്റ് ജനപ്രതിനിധികളേയും പങ്കെടുപ്പിച്ച് അദാലത്തുകള്‍ നടത്തിയിരുന്നു.
മുതലമട കുണ്ടലകുളമ്പ് പട്ടികവര്‍ഗ കോളനി, കാരക്കുത്ത് കൈപറമ്പ് പട്ടികജാതി കോളനി, കരിമ്പുഴ പഞ്ചായത്ത് ഹാള്‍, എരിമയൂര്‍ കൂട്ടാല പട്ടികജാതി കോളനി, അമ്പിട്ടന്‍ തരിശ് പട്ടികവര്‍ഗ കോളനി, അട്ടപ്പാടി ഭൂതിവഴിഊര്, പെരുമാട്ടി പ്ലാച്ചിമട പട്ടികവര്‍ഗ കോളനി എന്നിവിടങ്ങളിലാണ് അദാലത്ത് നടത്തിയത്. മുന്‍ഗണനാ കാര്‍ഡ്, ചികിത്സാ ധനസഹായം, വീട് നിര്‍മാണം-നവീകരണം, കക്കൂസ്, വൈദ്യുതി, വെള്ളം, വീട്ടിലേയ്ക്കുള്ള വഴി, വിദ്യാഭ്യാസ സൗകര്യം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഈ അദാലത്തുകളില്‍ ലഭിച്ചത്.
പരാതികളില്‍ നടപടി പൂര്‍ത്തിയായി വരുന്നതായി യോഗം വിലയിരുത്തി. റീസര്‍വെ , പട്ടയം, വനം-റവന്യൂ സംയുക്ത പരിശോധന എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളിലും മുന്‍ഗണന നല്‍കി അടിയന്തര പരാഹാരം കാണാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."