സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍വിസ് പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് തുടരും.
പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്കുന്ന 300 രൂപ നിര്‍ത്തി ഈ തുക ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുകയായിരിക്കും ചെയ്യുക. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും. മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി രൂപ) എന്നിവക്കായി സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിവര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതോടെ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പദ്ധതി നടപ്പാക്കുന്നതിന് ഐ.ആര്.ഡി.എ അംഗീകാരമുള്ള ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുമ്പോള്‍ നാലു പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കും. പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍നിന്ന് പണമടയ്ക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാകും. ചികിത്സാ ചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്കു നല്‍കും. ഔട്ട് പേഷ്യന്റ് ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."