ആവശ്യം തള്ളി ജോസ് വിഭാഗം; വെട്ടിലായി യു.ഡി.എഫ്
കോട്ടയം: പി.ജെ ജോസഫിന് വഴങ്ങി കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്ന യു.ഡി.എഫ് അന്ത്യശാസനം തള്ളി ജോസ് കെ. മാണി. രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് നല്‍കിയ കത്തിലെ ആവശ്യം അവര്‍ പരസ്യമായി തള്ളി.
രാജിവെച്ചുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് ജോസ് കെ. മാണി നിലപാട് കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ തമ്മിലടിയില്‍ യു.ഡി.എഫിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്.
മുന്നണി ധാരണ പ്രകാരം പ്രസിഡന്റെ് സ്ഥാനം രാജിവെയ്ക്കണമെന്നും ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന മറ്റു നിര്‍ദേശങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നുമാണ് കണ്‍വീനര്‍ കത്തിലൂടെ ജോസ് വിഭാഗത്തെ അറിയിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് ധാരണ ഉണ്ടാക്കിയിരുന്നത്. ഇത് ജോസ് കെ.മാണി വിഭാഗം പാലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റെ് സ്ഥാനം രാജിവെയ്ക്കണമെന്ന യു.ഡി.എഫ് നിര്‍ദേശം ജോസ് പക്ഷം പാലിക്കാതെ വന്നതോടെ മുന്നണി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതോടെയാണ് ജോസഫിനെ അനുനയിപ്പിക്കാന്‍ രാജി ആവശ്യപ്പെട്ട് മുന്നണി കണ്‍വീനര്‍ ജോസ് വിഭാഗത്തിന് കത്ത് നല്‍കിയത്.
കത്തും ജോസ് പക്ഷം തള്ളിയതോടെ ഇനി പ്രശ്‌നപരിഹാരത്തിന് രണ്ടുവഴികള്‍ മാത്രമാണ് യു.ഡി.എഫിനു മുന്നിലുള്ളത്. ജോസഫ് വിഭാഗത്തെ കൊണ്ട് അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കുക, ജോസ് കെ മാണി പക്ഷത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കുക.
എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യവും ജോസ് പക്ഷം യു.പി.എ ഘടകകക്ഷിയാണെന്നതും അവിശ്വാസവും പുറത്താക്കലും നടപ്പാക്കാന്‍ മുന്നണിക്ക് കഴിയില്ല.
മുന്നണി കണ്‍വീനറുടെ കത്ത് കിട്ടിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി രംഗത്തെത്തി.
കെ.എം മാണി രൂപം കൊടുത്ത കരാര്‍ അതേപടി തുടരണമെന്നും എല്ലാ സ്ഥലത്തും യു.ഡി.എഫുമായി ഉണ്ടാക്കിയ കരാറുകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
ജില്ല പഞ്ചായത്തില്‍ മാത്രം കരാറില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നത് അനീതിയാണ്.
കുറെ കാലമായി എല്ലാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും കലഹം ഉണ്ടാക്കി യു.ഡി.എഫിന്റെ ആത്മവീര്യം കെടുത്തുന്ന നടപടികളാണ് പി.ജെ ജോസഫിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.
നിര്‍ണായകഘട്ടങ്ങളിലെല്ലാം കലഹം സൃഷ്ടിക്കുന്ന പി.ജെ ജോസഫിന്റെ നീക്കങ്ങള്‍ക്ക് ശാശ്വതമായ വിരാമം ഉണ്ടാകുന്നതിനുള്ള ചര്‍ച്ചയും തീരുമാനവും ഉണ്ടാവണമെന്നു യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഇത്തരം ചില നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു.
അക്കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതും ചര്‍ച്ചകള്‍ തുടരേണ്ടതും യു.ഡി.എഫിന്റെ ഉത്തരവാദിത്വമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
തുടര്‍നടപടികള്‍ യു.ഡി.എഫ്
തീരുമാനിക്കട്ടെ: ജോസഫ്
തൊടുപുഴ: യു.ഡി.എഫ് തീരുമാനം അനുസരിക്കാന്‍ ഘടക കക്ഷികള്‍ക്കു ബാധ്യതയുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ.
എല്ലാ കരാറുകളും ലംഘിക്കുന്ന രീതിയാണ് ജോസ് കെ.മാണി വിഭാഗത്തിന്റെത്. തുടര്‍നടപടികള്‍ യു.ഡി.എഫ് തീരുമാനിക്കട്ടെയെന്നും ജോസഫ് പറഞ്ഞു.
യു.ഡി.എഫ് എടുത്തത് ന്യായയുക്തമായ തീരുമാനമാണ്. ധാരണ എഗ്രിമെന്റിനു തുല്യമാണ്. നുണ ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യം ആകില്ല. ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ ഇനി എന്തു ചെയ്യണമെന്നു യു.ഡി.എഫ് നേതൃത്വം തീരുമാനിക്കും.
ഒരു കക്ഷി ധാരണ പാലിക്കുന്നില്ല എന്നു പറഞ്ഞാല്‍ അക്കാര്യത്തില്‍ എന്തു ചെയ്യണം എന്നു തീരുമാനമെടുക്കാനുള്ള ആര്‍ജവം യു.ഡി.എഫ് നേതൃത്വത്തിനുണ്ടെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
ഉന്നതാധികാര സമിതി യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അടക്കം 14 പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."