ആറ് വര്‍ഷമായി നിയമവിരുദ്ധമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്‍ പിടിയില്‍
കുറ്റിപ്പുറം: ആറ് വര്‍ഷമായി നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ചു വന്ന ബംഗ്ലാദേശ് പൗരനെ കുറ്റിപ്പുറം പൊലിസ് അറസ്റ്റു ചെയ്തു. തിരുനാവായയിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന ധാക്ക ബൗഫാല്‍ സ്വദേശിയായ
സെയ്ദുല്‍ ഇസ്‌ലാം മുന്ന ( 27) യെയാണ് പൊലിസ് പിടികൂടിയത്. അനധികൃതമായി താമസിച്ചതിന് ഇയാള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലെ ഹസനാബാദ് റോയ് ജൂരിലെ മുന്നാഖാന്‍ എന്ന പേരില്‍ ഇയാള്‍ സ്വന്തമാക്കിയ വ്യാജ ആധാര്‍ കാര്‍ഡും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
2003 മുതല്‍ ധാക്കയില്‍ ഗാര്‍മെന്റ്‌സ് ജീവനക്കാരനായിരുന്ന ഇയാള്‍ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഇല്ലാതെ 2013 ല്‍ ഷാക്കിറ ബോര്‍ഡര്‍ വഴി ഇന്ത്യയിലേക്ക് കടന്നു. ബംഗ്‌ളൂരുവിലെ അത്തി ബല്ലയിലും തിരുപ്പൂരിലും ഗാര്‍മെന്റ്‌സില്‍ ജോലി ചെയ്തു. പിന്നീട് മലപ്പുറം മുണ്ടുപറമ്പിലും വീണ്ടും തിരുപ്പുര്‍ അവിനാശി റോഡിലും ജോലി ചെയ്തു.
ഇവിടെനിന്നാണ് ബംഗാളിലെ വ്യാജ വിലാസത്തില്‍ 1500 രൂപയ്ക്ക് ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചത്. 2019 ല്‍ തിരുനാവായയിലെ തുണിക്കടയില്‍ ജോലിക്ക് കയറി. കുറ്റിപ്പുറത്തിനടുത്ത ചെമ്പിക്കലിലെ ക്വാര്‍ട്ടേഴ്‌സില്‍ സുഹൃത്ത് ആരിഫിനോടും കുടുംബത്തോടും ഒപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയില്‍ വിവാഹത്തിനായി കഴിഞ്ഞ ജനുവരിയില്‍ ബംഗ്ലാദേശിലേക്ക് പോയി. പിന്നീട് ഫെബ്രുവരി 24 ന് വിവാഹശേഷം തിരുനാവായയില്‍ തിരിച്ചെത്തി. ബംഗ്ലാദേശുകാരിയായ ഭാര്യ നാട്ടില്‍ തന്നെയാണ്. പൊലിസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് സി.ഐ സി.കെ നാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."