കുടുംബശ്രീയ്ക്ക് ഐ.ഐ.എമ്മിന്റെ ഡിജിറ്റല്‍ ശാക്തീകരണം
കൊച്ചി: കുടുംബശ്രീയ്ക്കായി ഐ.ഐ.എം കോഴിക്കോടിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച പുതിയ എന്‍.എച്ച്.ജി വര്‍ക്ക് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിങ് സോഫ്റ്റ്‌വെയര്‍ ആയ ശ്രേഷ്ഠയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാനും വായ്പയെടുക്കല്‍ സുഗമമാക്കുവാനും ലക്ഷ്യമിട്ട് ഐ.ഐ.എം കോഴിക്കോടിലെ ബിരുദാനന്തര വിദ്യാര്‍ഥികളാണ് പ്രോജക്റ്റ് ശ്രേഷ്ഠ വികസിപ്പിച്ചെടുത്തത്.
സ്ത്രീകളുടെ ശാക്തീകരണവും സമൂഹത്തിന്റെ വികസനവും സാധ്യമാക്കുവാനായി വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്‌വെയറില്‍ സാമ്പത്തിക വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തും അവ വളരെ കാര്യക്ഷമമായി അവതരിപ്പിക്കുവാനുമാണ് അണിയറപ്രവര്‍ത്തകര്‍ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത്.
പുതിയ സോഫ്റ്റ്‌വെയറിന്റെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കു വഴിതെളിയിക്കുമെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ സംരംഭവുമായി ഇഴുകിചേര്‍ന്ന്് സാങ്കേതികവിദ്യയുടെ സവിശേഷതകള്‍ പ്രയോജനപ്പെടുത്താനും കുടുംബശ്രീയ്ക്ക് കഴിയുമെന്നും മന്ത്രി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ കൊച്ചി ക്യാംപസിലുള്ള എക്‌സിക്യൂട്ടീവ് പി.ജി.പി വിദ്യാര്‍ഥികള്‍ അവരുടെ സോഷ്യല്‍ ഡവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായാണ് കുടുംബശ്രീയ്ക്ക് വേണ്ടി ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്.
ഐ.ഐ.എം.കെയിലെ പ്രൊഫ. മുഹമ്മദ് ഷഹീദ് അബ്ദുല്ല (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഡോ. രാഹുല്‍ കൃഷ്ണന്‍ (പ്രോജക്റ്റ് മാനേജര്‍ ലൈവ്‌ലിഹുഡ്‌സ്, കുടുംബശ്രീ) എന്നിവര്‍ ഈ പദ്ധതിക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി.
മൃദുല്‍ വിജയ് (സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ്), ടി.ജെ.എസ് മാത്യു (ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍ സര്‍വിസസ്), മുദിത് (സ്‌ടെക് ബിസിനസ് സൊല്യൂഷന്‍സ്), കാര്‍ത്തിക് പിള്ള (ഫോര്‍ നെക്സ്റ്റ് കണ്‍സള്‍ട്ടന്‍സ് എല്‍.എല്‍.പി), നിബു ഏലിയാസ് (സെക്ടര്‍ ക്യൂബ്‌സ് ടെക്‌നൊലാബ്‌സ്) എന്നിവര്‍ അടങ്ങുന്ന സംഘമാണ് പദ്ധതിക്ക് രൂപംനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."