മൂന്നാറില്‍ തുടക്കമിട്ടിരിക്കുന്നത് പഴുതടച്ചുള്ള കൈയേറ്റമൊഴിപ്പിക്കല്‍
തൊടുപുഴ: എല്ലാ പഴുതുകളുമടച്ചുള്ള കൈയേറ്റമൊഴിപ്പിക്കലിനാണ് മൂന്നാറില്‍ റവന്യു വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. ദേവികുളം സബ് കലക്ടര്‍ ആര്‍. ശ്രീറാമിന്റെ നേതൃത്വത്തില്‍ ദേവികുളം, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിച്ചിരിക്കുന്നു.
ഭൂമാഫിയ കൈയേറിയ ഭൂമിയെ കുറിച്ചുള്ള മുഴുവന്‍ രേഖകളും പരിശോധിക്കുകയും അതില്‍ വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ച് കൈയേറിയ ഭൂമിയും തരംതിരിക്കുകയും ചെയ്തിരുന്നു. വന്‍കിട കൈയേറ്റങ്ങളുടെ ലിസ്റ്റ് വില്ലേജ് അടിസ്ഥാനത്തില്‍ തരംതിരിച്ച് തയാറാക്കി തഹസില്‍ദാര്‍മാര്‍ സബ് കലക്ടര്‍ക്ക് കൈമാറി. ഇതില്‍ കോടതികളില്‍ കേസ് നടക്കുന്ന ഭൂമിയുണ്ടോയെന്നും പരിശോധിച്ച ശേഷമാണ് കൈയേറ്റ ഭൂമിയുടെ അന്തിമ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സബ് കലക്ടര്‍ ആര്‍ ശ്രീറാം വിളിച്ചു ചേര്‍ത്ത ദേവികുളം താലൂക്കിലെ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള അന്തിമ രൂപരേഖ തയാറാക്കുകയും ചെയ്തു.
കൈയേറ്റമൊഴിപ്പിക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടുതല്‍ പൊലിസിനെ സംരക്ഷണത്തിനായി നിയമിക്കുകയും ചെയ്തു. അന്തിമ ലിസ്റ്റും രൂപ രേഖയും ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ അംഗീകരിച്ചതോടെയാണ് കൈയേറ്റമൊഴിപ്പിക്കല്‍ റവന്യു വകുപ്പ് ഇന്നലെ പുനരാരംഭിച്ചത്. ഏറ്റവും കൂടുതല്‍ വന്‍കിട കൈയേറ്റങ്ങള്‍ നടന്നിട്ടുള്ള ചിന്നക്കനാല്‍ വില്ലേജിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് റവന്യു സംഘത്തിന്റെ തീരുമാനം.
ഇതനുസരിച്ചാണ് ഇന്നലെ പാപ്പാത്തിചോലയില്‍ തൃശൂര്‍ ആസ്ഥാനമായുള്ള സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കൈയേറി കുരിശ് സ്ഥാപിച്ച സ്ഥലം ഒഴിപ്പിച്ചത്. മൂന്നാര്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന മലനിരകളില്‍ ഒന്നായ പാപ്പാച്ചിചോലയില്‍ 2183 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. ഇതില്‍ 200 ഏക്കറോളം ഭൂമിയാണ് സംഘടന കൈയേറിയിട്ടുള്ളത്.
നേരത്തെ കൈയേറ്റമൊഴിപ്പിക്കാന്‍ ചെന്ന റവന്യു സംഘത്തെ സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയില്‍പ്പെട്ടവര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കൈയേറ്റമൊഴിപ്പിക്കാതെ സംഘം മടങ്ങിപ്പോയി. ഇതിനിടെ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയ ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.കെ ഷാജിക്കെതിരേ ഭൂമി കൈയേറിയ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ ടോമി സ്‌കറിയ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
സംഘടന ഭൂമി കൈയേറിയിട്ടില്ലെന്നും അതിനാല്‍ നോട്ടിസ് പിന്‍വലിക്കണമെന്നുമാണ് വക്കീല്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കൈയേറ്റമൊഴിപ്പിക്കലുമായി എല്ലാ മുന്‍കരുതലുകളുമെടുത്ത് റവന്യു സംഘം നീങ്ങുകയായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പാത്തിചോലയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അതിരാവിലെ തന്നെ കൈയേറ്റമൊഴിപ്പിക്കല്‍ വന്‍ പൊലിസ് സന്നാഹത്തോടെ മുന്നേറുകയുമായിരുന്നു.
വരുംദിവസങ്ങളിലും കൂടുതല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് റവന്യു സംഘം. ഇന്ന് തിരുവനന്തപുരത്ത് മുഖമന്ത്രിയും റവന്യു വകുപ്പ് മന്ത്രിയുമായും ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുലും ദേവികുളം സബ് കലക്ടര്‍ ആര്‍ ശ്രീറാമും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. നാളെ ജില്ലയിലെ മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗം കലക്ടറുടെ അധ്യക്ഷതയില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."