കടലാസിലൊതുങ്ങി ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതികള്‍
ഒറ്റപ്പാലം: പ്രളയത്തില്‍ കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴയും വറ്റിവരണ്ടു.പാലക്കാട് ജില്ലാ പഞ്ചായത്തും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതികളെല്ലാം കടലാസിലൊതുങ്ങി. കഴിഞ്ഞ മെയ് 21ന് ഒറ്റപ്പാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ പദ്ധതിയുടെ പ്രഖ്യാപനവും നിര്‍വഹണ പ്രകാശനവും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
ഏറെ നല്ല പ്രതീക്ഷകളായിരുന്നു പുനരുജ്ജീവന പദ്ധതികള്‍ നല്‍കിയത്. വരാനിരിക്കുന്ന തലമുറകള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ് പുനരുജ്ജീവന പദ്ധതിയുടെ അവസ്ഥ. 3 ജില്ലകളുടെയും ഏകോപന പ്രവര്‍ത്തികളില്ലാത്തതാണ് പദ്ധതിയുടെ നിശ്ചലാവസ്ഥ ക്ക് മുഖ്യ കാരണമായി കാണുന്നത്. പശ്ചിമഘട്ട ത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന ഭാരതപ്പുഴ കേരളത്തില്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 209 കിലോമീറ്ററും താണ്ടിയാണ് അറബിക്കടലില്‍ എത്തുന്നത്. ഭാരതപ്പുഴ യുടെ പുനരുജ്ജീവന പദ്ധതി നിര്‍വഹണത്തിന്പാലക്കാട് ജില്ലാ പഞ്ചായത്ത് നഗരസഭ ഉള്‍പ്പെടെ109 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഹരിതകേരള മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭാരതപ്പുഴയുടെ വീണ്ടെടുപ്പ് സാധ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതും ഫലപ്രദമായിട്ടില്ല. മലപ്പുറം, തൃശൂര്‍ ജില്ലകളിലും സര്‍ക്കാര്‍ ഉത്തരവുകളിലൂടെ ഇത്തരം പദ്ധതി നടപ്പിലായാല്‍ മാത്രമേ ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയുള്ളൂ. റവന്യൂ വകുപ്പ് പാതയോരങ്ങളില്‍ കണ്ടെത്തുന്ന കയ്യേറ്റങ്ങളെ ക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് തോടുകളിലും, പുഴയുടെ തീരത്തും കൈയേറ്റങ്ങള്‍. റവന്യൂരേഖകള്‍ വച്ച് പരിശോധനകള്‍ നടത്തണമെന്നും തോടുകളുടെയും, പുഴകളുടെയും കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനും തിരിച്ചുകൊണ്ടുവരാനും നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രകൃതി വിഭവ പരിപാലനം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെന്ന് പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളില്‍ വ്യവസ്ഥചെയ്തിട്ടുണ്ടെങ്കിലും, ഭാരതപ്പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ് ഇതിനെതിരെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പരിസ്ഥിതി സ്‌നേഹികള്‍ ഒട്ടേറെ നിള സംരക്ഷണത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയെങ്കിലും ഒന്നുംതന്നെ ഫലവത്തായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."