കത്തുന്ന ചൂടില്‍ യുവത്വം ട്രാക്കിലേക്ക്
ഹൈദരാബാദ്: രാജ്യത്തെ യുവ കായിക പ്രതിഭകള്‍ ഇന്ന് പുതിയ വേഗവും ഉയരും ദൂരവും തേടി ട്രാക്കിലേക്ക്. 14ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ഇന്ന് മുതല്‍ 23 വരെ ഹൈദരാബാദിലെ ഗച്ചിബൗളി ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാംപ്യന്‍മാരായ കേരളം തുടര്‍ച്ചയായ ആറാം കിരീടം തേടിയാണ് 58 അംഗ സംഘവുമായി ഗച്ചിബൗളിയില്‍ എത്തിയിരിക്കുന്നത്. 32 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളും അടങ്ങുന്നതാണ് കേരള സംഘം. ശബരി എക്‌സ്പ്രസില്‍ ഇന്നലെ ഉച്ചയോടെ കേരള സംഘം ഹൈദരാബാദിലെത്തി. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ കനത്ത ചൂട് തന്നെയാണ് കേരള താരങ്ങളുടെ പ്രധാന എതിരാളി.
ആണ്‍കുട്ടികളുടെ ടീമിനെ ഹൈ ജംപ് താരം കെ.എസ് അനന്ദുവും പെണ്‍കുട്ടികളുടെ സംഘത്തെ പോള്‍ വാള്‍ട്ട് താരം നിവ്യ ആന്റണിയും നയിക്കും. അപര്‍ണ റോയ്, അതുല്യ വിജയന്‍, ആന്‍സി സോജന്‍, ഗായത്രി ശിവകുമാര്‍, ലിസ്ബത്ത് കരോലിന്‍ ജോസഫ്, മേഘ മറിയം മാത്യു, സാന്ദ്ര ബാബു, അഭിഷേക് മാത്യു, ആദര്‍ശ് ഗോപി, ടി.വി അഖില്‍ തുടങ്ങി സംസ്ഥാന - ദേശീയ മീറ്റുകളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ താരങ്ങളെല്ലാം കേരളത്തിന് കരുത്തായുണ്ട്. ടോമി ചെറിയാന്‍, കെ രാജീവന്‍, രാമചന്ദ്രന്‍, ജോര്‍ജ് ജോണ്‍, കവിത എന്നിവരാണ് പരിശീലകര്‍.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍ഷിപ്പില്‍ കേരളം തുടര്‍ച്ചയായ അഞ്ചാമത്തെയും മീറ്റിന്റെ ചരിത്രത്തിലെ എട്ടാമത്തെയും കിരീടം നേടിയിരുന്നു. കഴിഞ്ഞ തവണ ഏഴ് വീതം സ്വര്‍ണവും വെള്ളിയും 10 വെങ്കലവും ഉള്‍പ്പടെ നേടി 156 പോയിന്റുമായാണ് കേരളം ചാംപ്യന്‍പ്പട്ടം നിലനിര്‍ത്തിയത്. തമിഴ്‌നാട് 114 പോയിന്റുമായി രണ്ടാമതെത്തി. 95 പോയിന്റു നേടിയ ഹരിയാനയായിരുന്നു മൂന്നാമത്. തമിഴ്‌നാടിനും ഹരിയാനയ്ക്കും പുറമേ ഇത്തവണ മഹാരാഷ്ട്രയും കര്‍ണാടകയുമാണ് കേരളത്തിന് വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."