24 മണിക്കൂറില്‍ 3,600 കൊവിഡ് രോഗികള്‍; തമിഴ്നാടിനെ പിന്തള്ളി ഡല്‍ഹി രണ്ടാമത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്- 19 ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഞായറാഴ്ച വൈകീട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ 15,413 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം 24 മണിക്കൂറിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. 24 മണിക്കൂറിനുള്ളില്‍ 306 പേര് മരിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനു പിന്നാലെ രാജ്യത്തു രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുകയാണ്. അനൗദ്യോഗിക കണക്കു പ്രകാരം ഇതുവരെ 4,19,270 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,416 പേര് മരിച്ചു. 1,73,244 പേര് ചികിത്സയിലുണ്ട്. 2,32,560 പേര്‍ക്ക് രോഗം ഭേദമായി.
അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്നാടിനെ പിന്തള്ളി ഡല്‍ഹി മഹാരാഷ്ട്രയ്ക്കു പിന്നാലെ രണ്ടാമതെത്തി. 3,600 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 59,746 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലിത് 59,377 ആണ്.
ഡല്‍ഹിയില്‍ 2,175 പേര് മരിച്ചു. 757 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ 1,28,205 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 5,984 പേര് മരിച്ചു. ഡല്‍ഹിയില്‍ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധന്, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."