രാജ്യദ്രോഹിക്ക് ജാമ്യം; നിരപരാധികള്‍ക്ക് ജയിലറ
ബി.ജെ.പി ഭരണകൂടത്തോടൊപ്പം എക്‌സിക്യൂട്ടീവിലെ ഒരു വിഭാഗവും കൈകോര്‍ത്തു നീങ്ങുന്നതിന്റെ ദുരന്ത ദൃശ്യങ്ങളാണ് അടുത്ത കാലത്തായി ജനാധിപത്യ മതേതരത്വ ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിംകളെ അരികുവല്‍ക്കരിക്കാന്‍ നടത്തുന്ന ഭരണകൂട നൃശംസതകള്‍ക്ക് അധികൃതര്‍ നിശബ്ദ സേവനം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
അഭ്യസ്തവിദ്യരും ഭരണകൂട ഭീകരതക്കെതിരേ നിര്‍ഭയം സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന യുവതയെ രാജ്യദ്രോഹ കുറ്റം ചുമത്തുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി ജയിലറകളില്‍ അടച്ചിടുകയും ചെയ്യുമ്പോള്‍, പരസ്യമായ രാജ്യദ്രോഹ കുറ്റം ചെയ്ത ഉന്നത പൊലിസുദ്യോഗസ്ഥന് ജാമ്യം ലഭിക്കുന്ന ദുരന്തമുഹൂര്‍ത്തങ്ങള്‍ക്കും ഇന്ത്യാ മഹാരാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ ഇന്നു നാല് ഭാഗത്തു നിന്നും കൊത്തിവലിക്കപ്പെടുമ്പോള്‍ വ്യാജ രാജ്യസ്‌നേഹികള്‍ക്ക് അതില്‍ വേവലാതിയില്ല. അവര്‍ക്ക് മലപ്പുറത്തിന്റെ 'ക്രൂരത'യിലാണ് ഉത്ക്കണ്ഠ.
ജമ്മു കശ്മിരില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടിക്കപ്പെട്ട ജമ്മു കശ്മിരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ജാമ്യം നേടുമ്പോള്‍, രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നാരോപിക്കപ്പെട്ട ഷര്‍ജീല്‍ ഇമാം എന്ന ജെ.എന്‍.യു വിദ്യാര്‍ഥിക്കും പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള സമരത്തിനു നേതൃത്വം നല്‍കിയത് വഴി യു.എ.പി.എ ചുമത്തപ്പെട്ട ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനും പലവട്ടം ജാമ്യം നിഷേധിച്ച് ജയിലറകളില്‍ പാര്‍പ്പിച്ചുക്കൊണ്ടിരിക്കുകയാണ് ജുഡിഷ്യറിയും ഭരണകൂടവും. ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനെയും ഡോ. കഫീല്‍ ഖാനെയും സമാനമായ കേസെടുത്താണ് ബി.ജെ.പി ഭരണകൂടം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ കഫീല്‍ ഖാന്റെ ജ്യാമ്യാപേക്ഷ പലവട്ടം കോടതി തള്ളുകയുണ്ടായി. അറിയപ്പെടാത്ത എത്രയോ മുസ്‌ലിം ചെറുപ്പക്കാര്‍ വ്യാജ രാജ്യദ്രോഹക്കുറ്റാരോപണത്താല്‍ ഇരുമ്പഴിക്കുള്ളില്‍ അവരുടെ യൗവനം കത്തിച്ച് തീര്‍ക്കുമ്പോള്‍ പച്ചയ്ക്ക് രാജ്യദ്രോഹ കുറ്റം ചെയ്യുന്ന ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ്ങിനെപ്പോലുള്ള വമ്പന്‍ സ്രാവുകള്‍ വലപൊട്ടിച്ച് പുറത്ത് ചാടിക്കൊണ്ടിരിക്കുന്നു. സംഘ്പരിവാറിന്റെ വ്യാജ രാജ്യസ്‌നേഹം മുസ്‌ലിംകളുടെ മേല്‍ രാജ്യദ്രോഹമുദ്ര ചാര്‍ത്താനുള്ള ഇസ്‌ലാമോഫോബിയയുടെ ഒരു വകഭേദം മാത്രമാണെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഭീകരര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ്ങിനെ പരസ്യമായാണ് കശ്മിര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ജമ്മു കശ്മിരിലെ ബാനി ഹാള്‍ തുരങ്കം കടത്താന്‍ ഭീകരവാദികളില്‍നിന്ന് പന്ത്രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് ദേവീന്ദര്‍ സിങ് ഭീകരരെ കൊണ്ടുപോയത്. അതിന്റെ തലേദിവസം ഭീകരര്‍ക്കു തന്റെ സ്വന്തം വസതിയില്‍ താമസ സൗകര്യം നല്‍കിക്കൊണ്ട് അദ്ദേഹം ഭീകരരോടുള്ള കൂറ് പ്രകടിപ്പിക്കുകയും ചെയ്തു.
തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല എന്ന കാരണത്താലാണ് കോടതി ദേവീന്ദര്‍ സിങ്ങിന് ജാമ്യം അനുവദിച്ചത്. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ഏത് കോടതിയില്‍ നിന്നും ഏതൊരു ഭീകരനും രാജ്യദ്രോഹിക്കും ജാമ്യം കിട്ടുമെന്നറിയാത്ത നിഷ്‌കളങ്കരല്ലല്ലോ പൊലിസ്. ഡല്‍ഹി കലാപത്തിന് ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനുമെതിരേ കേസെടുക്കാതിരിക്കുകയും വംശീയ കലാപ ഇരകള്‍ക്ക് എതിരേ കേസെടുക്കുകയും ചെയ്ത ഡല്‍ഹി പൊലിസ് ദേവീന്ദര്‍ സിങ്ങിനെതിരേയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതെ വച്ചു താമസിപ്പിച്ചതില്‍ അത്ഭുതമില്ല. മാത്രവുമല്ല, ഈ താമസിപ്പിച്ചതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കാവുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."