കടല്‍ക്ഷോഭം നേരിടാന്‍ കാറ്റാടി മരങ്ങള്‍ നടും
ആലപ്പുഴ: കടല്‍ക്ഷോഭത്തിന്റെ കെടുതികള്‍ കുറയ്ക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കി വിജയിച്ച ഹരിതതീരം പദ്ധതി വിപുലപ്പെടുത്താന്‍ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ ആധ്യക്ഷ്യത്തില്‍ ജില്ലാകളക്ടര്‍ ആര്‍.ഗിരിജയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. അന്നേ ദിവസം എല്ലാ തീരദേശപഞ്ചായത്തുകളിലും തൈ നട്ടുകൊണ്ട് പദ്ധതി ആരംഭിക്കും.
ഇതിനായുള്ള ഒരുക്കങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തും. അടിയന്തിരമായി തീരദേശ സമിതികള്‍ ചേരുകയും പഞ്ചായത്ത്തല സമിതി രൂപവത്കരിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കുകയും വേണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. വാര്‍ഡ്തല സമിതിയുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട വാര്‍ഡ് അംഗം ആയിരിക്കും.
വനംവകുപ്പ് തൈകള്‍ നല്‍കുകയോ വിത്ത് എത്തിച്ചുനല്‍കുകയോ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ജില്ലാ ഭരണകൂടം പദ്ധതിയുടെ എല്ലാ ഘട്ടത്തിലും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്യും.
16 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പദ്ധതി നടപ്പാക്കുക. കാറ്റാടി മരത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതുമുതല്‍ പരിചരണത്തിന്റെ ചുമതലയുള്‍പ്പടെ തൊഴിലുറപ്പിന്റെ ഭാഗമാക്കും.
ഇതുവഴി കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുകയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ശ്രദ്ധ പദ്ധതിയില്‍ കൂടുതലായി ലഭിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കാറ്റാടി തൈകള്‍ ഒരുമീറ്റര്‍ അകലത്തില്‍ വച്ചുപിടിപ്പിച്ചാല്‍ വേരുകള്‍ പരസ്പരം ബന്ധപ്പെട്ട് മണ്ണൊലിപ്പ് തടയും. ജലസ്രോതസുകള്‍ നന്നാവുകയും ഉപ്പുകാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
ജില്ല നേരിട്ട സുനാമിയുടെ കെടുതികളുടെ പശ്ചാത്തലത്തില്‍ 2008 ല്‍ തീരദേശത്ത് തീരസംരക്ഷണ വനവത്കരണ പരിപാടി സോഷ്യല്‍ ഫോറസ്ട്രി വഴി നടപ്പാക്കുകയും ഹരിതതീരം പദ്ധതി വഴി ധാരാളം കാറ്റാടി മരങ്ങള്‍ തീരപ്രദേശങ്ങളില്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുതല്‍ വടക്കോട്ട് ആലപ്പുഴ ബീച്ചുവരെ പദ്ധതി നടപ്പാക്കിയിരുന്നു. നിരന്തരമായി കടല്‍ ക്ഷോഭം നേരിട്ടിരുന്ന ഈ പ്രദേശത്ത് കാറ്റാടിമരങ്ങള്‍ നട്ടതിനുശേഷം ഒരു ജൈവവേലി രൂപം കൊള്ളുകയും ഈ ഭാഗത്ത് കടലാക്രമണം ഇല്ലാതാവുകയും ചെയ്തതായി തീരവാസികളും മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. യോഗത്തില്‍ ഇടുക്കി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ്.ലതി, ബിജു പുന്നപ്ര എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."