മുല്ലപ്പള്ളിക്കെതിരേ സമരത്തിനൊരുങ്ങി സി.പി.എം; സി.പി.ഐ ഇല്ല
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ സി.പി.എമ്മും എല്‍.ഡി.എഫും സമരത്തിനൊരുങ്ങുന്നു.
മുല്ലപ്പള്ളി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിനെതിരായ നീക്കം കടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം.
ഇതിന്റെ ഭാഗമായി മുല്ലപ്പള്ളിയെ വഴിയില്‍ തടയുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് വനിതാ യുവജന സംഘനടകള്‍ക്ക് സി.പി.എം നിര്‍ദേശം നല്‍കിയതായാണ് സൂചന.
വൈദ്യുതി ബില്ലും പ്രവാസികള്‍ക്കെതിരായ നടപടികളും ഉണ്ടാക്കിയ പ്രതിസന്ധികളില്‍നിന്നു കരകയറാന്‍ ലഭിച്ച ആയുധമെന്ന നിലയിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെ സി.പി.എം കാണുന്നത്.
പ്രതിഷേധിക്കാന്‍ എല്‍.ഡി.എഫ് തീരുമാനമെന്നു പറയുമ്പോഴും ഇക്കാര്യത്തില്‍ സമരത്തിലേക്കൊന്നും പോകാന്‍ സി.പി.ഐ താല്‍പര്യപ്പെടുന്നില്ല. വിവാദ പരാമര്‍ശം സ്ഥാനത്തിനു യോജിച്ചതല്ലെന്നു പറഞ്ഞ് കാനം രാജേന്ദ്രന്‍ അക്കാര്യത്തിലുള്ള സി.പി.ഐയുടെ പ്രതികരണം അവസാനിപ്പിച്ചിരുന്നു. അവരുടെ യുവജന, ബഹുജന സംഘടനകളോ മറ്റേതെങ്കിലും നേതാക്കളോ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയതുമില്ല.
എന്നാല്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് സി.പി.എം ശ്രമം. കഴിഞ്ഞ ദിവസം തന്നെ സൈബര്‍ രംഗത്ത് ഇതുപയോഗിച്ച് കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരേ കടുത്ത ആക്രമണമാണ് സി.പി.എം അണികള്‍ നടത്തിയത്. ഇതിനി പ്രായോഗികതലത്തിലാക്കുന്നതിനാണ് ആലോചന.
വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ വിവാദപരാമര്‍ശം ഇടതു മുന്നണിക്ക് തലവേദനയായി നില്‍ക്കുന്നതിനിടെയാണ് വൈദ്യുതി ബില്‍ വിവാദമായത്. അതിരപ്പിള്ളിയില്‍ വൈദ്യുതി മന്ത്രിയെ കടന്നാക്രമിച്ച സി.പി.ഐ വൈദ്യുതി ബില്ലിനെതിരെ പ്രമേയം പോലും പാസാക്കി.
മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനിടെ പ്രവാസികള്‍ക്കെതിരായ നിലപാട് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
ഇതിനിടെ കൊവിഡ് കാലത്ത് പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം എത്തിക്കുകകൂടി ചെയ്തതോടെ സര്‍ക്കാര്‍ കൂടുതല്‍ പിന്നിലേക്കു പോയി. ആ സമരത്തില്‍ വച്ചുതന്നെ മുല്ലപ്പള്ളി നടത്തിയ പ്രസ്താവന സര്‍ക്കാരിന് ഉയിര്‍ത്തെഴുന്നേല്‍പ്പുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."