മേല്‍ക്കൂര തകര്‍ന്ന് കാട്ടാനക്കുട്ടി വീട്ടിനകത്തേക്ക് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
ഗൂഡല്ലൂര്‍: കോഴിപ്പാലത്ത് വീടിന് മുകളില്‍ കയറിയ ആന കുട്ടി ഷീറ്റ് പൊട്ടി വീടിനുള്ളില്‍ വീണു. കാഴിപ്പാലം സ്റ്റേറ്റ് ഹൈവേക്ക് സമീപം താമസിക്കുന്ന യാഹു എന്നയാളുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണ് സംഭവം.
ഏഴംഗ കുടുംബം താമസിക്കുന്ന വീട്ടില്‍ ഇവരുടെ മരുമകള്‍ ജുമൈലത്ത് പ്രസവിച്ച് കിടക്കുന്ന മുറിയിലേക്കാണ് ആനകുട്ടി വീണത്. മാതാവും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ആനക്കുട്ടി വീടിനകത്തായതോടെ പുറത്തുണ്ടായിരുന്ന രണ്ട് ആനകള്‍ പിറകിലെ വാതില്‍ പൊളിച്ചു.
ഇതിലൂടെയാണ് പിന്നീട് ആനകുട്ടി വീടിന് പുറത്തെത്തിയത്. കുട്ടിയേയും മാതാവിനെയും ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയ്ഞ്ചര്‍ ഗണേഷും സംഘവും സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തലനാരിഴക്ക് ജീവന് രക്ഷപ്പെട്ട സന്തോഷത്തിലാണ് കുടുംബം. കാട്ടാനകളുടെ വിളയാട്ടത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പെടെ നശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഗൂഡല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശക്തിവേലും റെയ്ഞ്ചര്‍ ഗണേഷനും ചര്‍ച്ച നടത്തിയ ശേഷം മതിയായ നഷ്ട പരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സ്ഥലം എം.എല്‍.എ ദ്രാവിഡ മണി, വിവിധ രാഷ്ട്രീയ നേതാക്കളായ രാജേന്ദ്രന്, എം.എ അയ്യൂബ് ഖാന്, സലാം സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."