ദേശീയ ചിത്രകലാ ക്യാംപിന് കാപ്പുഴക്കല്‍ ബീച്ച് ഒരുങ്ങി
വടകര: കടത്തനാട് ചിത്രകലാ പരിഷത്തും വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയും സംഘടിപ്പിക്കുന്ന ദേശീയ ചിത്രകലാ ക്യാംപ് 21, 22, 23 തിയതികളില്‍ ചോമ്പാല കാപ്പുഴക്കല്‍ ബീച്ചില്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
'നിറതീരം' എന്നുപേരിട്ട ക്യാംപില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതോളം പ്രശസ്ത ചിത്രകാരന്‍മാര്‍ പങ്കെടുക്കും. ബീച്ചിന്റെ ഭംഗി ഉപയോഗപ്പെടുത്തി ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെകൂടി ഭാഗമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
21ന് രാവിലെ പ്രശസ്ത ശില്‍പി വത്സന്‍ കൂര്‍മ കൊല്ലേരി ക്യാംപ് ഉദ്ഘാടനം ചെയ്യും. മണല്‍ ശില്‍പനിര്‍മാണം, പ്രശസ്തരായ ചിത്രകാരന്മാരുടെ ഡെമോണ്‍സ്‌ട്രേഷന്‍, വിഡിയോ പ്രദര്‍ശനം, ലൈവ് സ്‌കെച്ചിങ് തുടങ്ങിയ പരിപാടികള്‍ ക്യാംപില്‍ നടക്കും.
നേപ്പാളി ചിത്രകാരന്‍ ആവിഷ്‌കാര്‍ ചന്ദ്രപ്രധാന്‍, ജലഛായ ചിത്രകാരന്‍ ടി.ജി തായ്മാനവന്‍ (തമിഴ്‌നാട്), മാനസ് കുമാര്‍ (ഒഡിഷ), സഞ്ജിത് മണ്ഡല്‍ (കൊല്‍ക്കത്ത), മുത്തുരാജ് (കര്‍ണാടക), രാജ്മാജി (മുംബൈ), എന്‍.കെ.പി മുത്തുക്കോയ (ഡല്‍ഹി), ശരത് ചന്ദ്രന്‍, മണല്‍ ചിത്രകാരന്‍ ഹിമാന്‍ശൂ ശേഖര്‍ പരിഡ തുടങ്ങിയവര്‍ സംബന്ധിക്കും.
21ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും നടക്കും. 22ന് രാവിലെ 10നു സദു അലിയൂരിന്റെ ജലഛായചിത്ര ഡെമോണ്‍സ്‌ട്രേഷന്‍, വൈകിട്ട് അധ്യാപക സംഗമം, തുടര്‍ന്ന് സ്‌നേഹാദരവ്. അഞ്ചിന് അധ്യാപക സംഗമത്തില്‍ വിരമിച്ച അധ്യാപകര്‍ക്കും കളരി ഗുരുക്കള്‍ പത്മശ്രീ മീനാക്ഷി അമ്മയ്ക്കും സ്‌നേഹാദരവ് പരിപാടിയും കളരിപ്പയറ്റ് പ്രദര്‍ശനവും നടക്കും.
23ന് പത്തിന് ക്യാംപിലെ ചിത്രകാരന്മാര്‍ ഒത്തുചേര്‍ന്ന് നടത്തുന്ന അവലോകനത്തില്‍ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ മുഖ്യാതിഥിയാകും. നാലിന് സമാപന വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറും.
മൂന്നു ദിവസങ്ങളിലും കുട്ടികള്‍ക്കായുള്ള വിനോദ സംവിധാനങ്ങളും തീരദേശ മത്സ്യഭക്ഷ്യ വിഭവങ്ങളുടെ പവിലിയനുമുണ്ടാകും. ക്യാംപ് ഡയരക്ടര്‍ സദു അലിയൂര്‍, ജഗദീഷ് പാലയാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."