പവന് 35,680 രൂപ; എന്റെ പൊന്നേ...
സ്വന്തം ലേഖിക
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില വീണ്ടും മുന്നേറുന്നു. ഇന്നലെ പവന് 160 രൂപ കൂടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 35,680 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 4,460 രൂപയായിരുന്നു ഇന്നലത്തെ വില. ശനിയാഴ്ച രണ്ടുതവണയായി പവന് 35,520 രൂപയായി ഉയര്‍ന്ന വിലയാണ് ഇന്നലെ വീണ്ടും കൂടിയത്.
കഴിഞ്ഞ ആഴ്ചയുടെ അവസാനം മുതല്‍ വില കുത്തനെ കൂടുകയായിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷവും കൊവിഡ് പ്രതിസന്ധിമൂലം ഓഹരി വിപണികളില്‍ നിലനില്‍ക്കുന്ന അസ്ഥിരതയും വില കുതിച്ചുയരാന്‍ കാരണമായി. വന്‍കിട നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിലേക്ക് തിരിയുന്നതായാും റിപ്പോര്‍ട്ടുകളുണ്ട്. വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭമെടുപ്പ് നടത്തിയാല്‍ വില കുറഞ്ഞേക്കുമെന്ന സൂചനയും വിപണിയില്‍ പ്രകടമാണ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധന അനുഭവപ്പെട്ടിരുന്നു. 6,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഈ വര്‍ഷം വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1,750 ഡോളര്‍ കടന്നു.സ്വര്‍ണവില കുത്തനെ ഉയരുന്നത് വിവാഹം പോലുള്ള അത്യാവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ സാരമായി ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹങ്ങള്‍ നടക്കാനിരിക്കെയാണ് വില സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുന്നത്. പണിക്കൂലി, ജി.എസ്.ടി എന്നിവ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നാല്‍പതിനായിരം രൂപ നല്‍കണമെന്നിരിക്കെ സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് പകുതിയായി കുറച്ചിരിക്കുകയാണ് പലരും. ഈ ആഴ്ച സ്വര്‍ണവില പവന് 36,000 കടക്കുമെന്ന സൂചനയും വിപണി നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."