യു.ഡി.എഫ് വിടണമെന്ന് സി.പി.എം; ആര്‍.എസ്.പിയില്‍ ആശയക്കുഴപ്പം
കൊല്ലം: മുന്നണിമാറ്റത്തില്‍ പുനര്‍വിചിന്തനം വേണമെന്ന ആവശ്യം ആര്‍.എസ്.പിയില്‍ ശക്തമാകുന്നു. ഇതിനിടയില്‍ യു.ഡി.എഫ് വിട്ട് ആര്‍.എസ്.പി വരണമെന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നു.
കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലേക്ക് മടങ്ങണമെന്ന ചിന്തയാണ് ആര്‍.എസ്.പിയില്‍ ശക്തമായത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ പിളര്‍ത്തിയെങ്കിലും ഒരു വിഭാഗത്തെ ഇടതുപക്ഷത്തെത്തിക്കണമെന്ന നീക്കം സി.പി.എം ഊര്‍ജിതമാക്കിയതോടെയാണ് ആര്‍.എസ്.പിയിലും ഇതുസംബന്ധിച്ച ചര്‍ച്ച സജീവമായത്. മുന്‍മന്ത്രി ഷിബു ബേബിജോണ്‍ ഉള്‍പ്പെടുന്ന പഴയ ആര്‍.എസ്.പി(ബി)വിഭാഗത്തിന് മുന്നണി മാറ്റ ചര്‍ച്ചകളോട് അനുഭാവ സമീപനമാണെന്നാണ് അറിയുന്നത്.
എന്നാല്‍, സി.പി.എം നിലപാടില്‍ ചില സംശയങ്ങള്‍ ആര്‍.എസ്.പിക്കുണ്ട്. സി.പി.എം മുന്നണി മാറണമെന്ന് പറയുന്നതല്ലാതെ തുടര്‍ നീക്കങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടാകാത്തതാണ് ആര്‍.എസ്.പിയെ ആശങ്കയിലാക്കുന്നത്.
സി.പി.എമ്മില്‍നിന്ന് ഇത്തരമൊരു നിര്‍ദേശം വന്നാല്‍ അത് പാര്‍ട്ടി വിദശമായി ചര്‍ച്ചചെയ്യുമെന്നാണ് വിവരം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തെ ആര്‍.എസ്.പി ഭയക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."