സംയുക്ത പ്രക്ഷോഭവുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച സംയുക്തപ്രക്ഷോഭ പരിപാടികള്‍ക്ക് മാറ്റമില്ലെന്ന് യൂനിയനുകള്‍ അറിയിച്ചു.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണിത്. ഈ മാസം 10 മുതലാണ് സംയുക്ത പ്രക്ഷോഭം. അന്ന് എല്ലാ യൂനിറ്റുകളിലും അവകാശ സംരക്ഷണദിനമായി ആചരിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. തുടര്‍ന്ന് 24ന് ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംയുക്ത യൂനിയന്റെ തീരുമാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂനിയന്‍ ജന. സെക്രട്ടറി എം.ജി രാഹുല്‍ പറഞ്ഞു.
രോഗികളായുള്ള ജീവനക്കാര്‍ക്ക് അദര്‍ ഡ്യൂട്ടി സംവിധാനം പുനഃസ്ഥാപിക്കുക, മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള റിട്ടയര്‍മെന്റ് പ്രമോഷന്‍ പുനഃസ്ഥാപിക്കുക, വാടക വണ്ടികള്‍ വ്യാപകമാക്കാനുള്ള മാനേജ്‌മെന്റ് തീരുമാനം പിന്‍വലിക്കുക, കിഫ്ബി ഫണ്ടുപയോഗിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
അതേസമയം, ഇന്നലെ എം.ഡി ടോമിന്‍ തച്ചങ്കരിയുമായി മറ്റുവിഷയങ്ങളില്‍ യൂനിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. ബാങ്ക് വഴി മാസവരി പിടിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ ബാങ്ക് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗം വിളിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. അലവന്‍സുകളും സറണ്ടര്‍ തുകയും ദിവസ കലക്ഷനില്‍നിന്ന് എടുക്കുന്നത് മാറ്റി മാസ ശമ്പളത്തോടൊപ്പം നല്‍കാനുള്ള നിര്‍ദേശം എം.ഡി മുന്നോട്ടുവച്ചു. എന്നാല്‍ നിലവിലുള്ള സമ്പ്രദായം മാറ്റാന്‍ കഴിയില്ലെന്ന് യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കി.
ഡ്യൂട്ടി പരിഷ്‌കരണം അടിയന്തരമായി നടത്തണമെന്നും എല്ലാ ഡ്യൂട്ടിയും സിംഗിള്‍ ഡ്യൂട്ടി ആയി മാറ്റണം എന്നും സി.എം.ഡി ആവശ്യപ്പെട്ടു. സിംഗിള്‍ ഡ്യൂട്ടി ആക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ വിശദമായി എം.ഡിയെ ധരിപ്പിച്ചു. അര ഡ്യൂട്ടി സമ്പ്രദായം അംഗീകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പരിശോധിച്ച് തീരുമാനം എടുക്കാനും ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."