ടെക്‌നോപാര്‍ക്കില്‍ വന്‍ ക്രമക്കേട്; പരിശോധനാ റിപ്പോര്‍ട്ട് മുക്കി
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ വന്‍ ക്രമക്കേട് കണ്ടെത്തിയ പരിശോധനാ റിപ്പോര്‍ട്ട് വിവര സാങ്കേതിക വകുപ്പ് മുക്കി.
വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് സെക്രട്ടേറിയറ്റിലെ അഡീഷനല്‍ സെക്രട്ടറി വി. ഭൂഷണ്‍, അണ്ടര്‍ സെക്രട്ടറിമാരായ ശ്യാംനാഥ്, എസ്. ശ്രീകല, സെക്ഷന്‍ ഓഫിസര്‍ മാത്യു ജോണ്‍, എ.എസ്.ഒമാരായ അജിത്കുമാര്‍, ബിനുകുമാര്‍ എന്നിവരടങ്ങിയ സംഘത്തെ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് ടെക്‌നോപാര്‍ക്കിലെ വന്‍ ക്രമക്കേട് കണ്ടെത്തിയത്. ജനുവരി ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും വകുപ്പ് ഭരിയ്ക്കുന്ന മുഖ്യമന്ത്രിയുടെ അടുത്ത് എത്തും മുന്‍പ് റിപ്പോര്‍ട്ട് അടങ്ങിയ ഫയല്‍ മുങ്ങി.
ജീവനക്കാരുടെ നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും കരാര്‍ ജീവനക്കാര്‍ക്ക് ക്രമവിരുദ്ധമായി ശമ്പള വര്‍ധനവ് നല്‍കിയെന്നും വന്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. സ്ഥാനക്കയറ്റവും കാലാവധി നീട്ടിനല്‍കുന്നതും യോഗ്യതകള്‍ ഒന്നും പരിശോധിക്കാതെയാണ്. സമാന സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുന്നു. സര്‍ക്കാര്‍ നല്‍കുന്ന പണം ദുരുപയോഗം ചെയ്ത് ചില ഉദ്യോഗസ്ഥര്‍ ടെക്‌നോപാര്‍ക്കിനെ നശിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധനാ സംഘം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ടെക്‌നോപാര്‍ക്കില്‍ ജീവനക്കാരെ നിയമിക്കുന്നത് മുതല്‍ വാഹനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നത് വരെയുള്ള എല്ലാ മേഖലകളിലും ക്രമക്കേടാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെ ടെക്‌നോപാര്‍ക്കിന്റെ സമ്പത്തും ആസ്തികളും സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡും ദുരുപയോഗം ചെയ്ത് ഈ സ്ഥാപനത്തെ ചില ജീവനക്കാര്‍ നാശത്തിലേക്കും ദുഷ്‌പേരിലേക്കും നയിക്കുന്നുവെന്ന ഗുരുതരമായ കാര്യങ്ങള്‍ പരിശോധനാ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഇല്ലെങ്കിലും ഡ്രസ് അലവന്‍സായി 4,000 മുതല്‍ 6,000 രൂപ വരെ അനുവദിക്കുന്നു. ചികിത്സാ രേഖകളുണ്ടാക്കി ജീവനക്കാര്‍ പണം കൈപ്പറ്റുന്നുവെന്നും ഒരു മാസം ഒരാള്‍ തന്നെ പല ബില്ലുകള്‍ നല്‍കി പണം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതിന് ടെണ്ടറോ, ക്വട്ടേഷനോ വിളിക്കാതെ ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെക്‌നോ പാര്‍ക്കില്‍ നിലവില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ജീവനക്കാരെയും ശരിയായ രീതിയിലല്ല നിയമിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ തോന്നും പടി ശമ്പളം വര്‍ധിപ്പിക്കുന്നു. ചില ജീവനക്കാര്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ ട്രാവല്‍ ബാഗ് റീ ഇംപേഴ്‌സ്‌മെന്റായി 5,500 രൂപ വീതം അനുവദിക്കുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ മൊബൈല്‍ ഹാന്‍ഡ് സെറ്റിനായി 5,000 രൂപയും നല്‍കുന്നു. ടെക്‌നോപാര്‍ക്കിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ ദിവസവും ഉച്ച ഭക്ഷണവും ലഘു ഭക്ഷണവും ടെക്‌നോ പാര്‍ക്കിന്റെ ചെലവില്‍ നല്‍കുന്നു. ഇതു വഴി ഭീമമായ തുകയാണ് ടെക്‌നോപാര്‍ക്ക് ഓരോ മാസവും ചെലവിടുന്നത്. എന്നാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ഇത് നല്‍കുന്നില്ല.
ചട്ടം പാലിക്കാതെ തോന്നും പടി യാത്രാബത്തയും ദിന ബത്തയും അനുവദിക്കുന്നുണ്ട്. വിമാനയാത്രയ്ക്ക് അനുമതി ഇല്ലാത്ത ജീവനക്കാര്‍ പോലും കേരളത്തിന് പുറത്തേക്ക് വിമാന യാത്ര നടത്തുകയും അതു വഴി പാര്‍ക്കിന് ഭീമമായ തുക ചെലവ് വരുത്തുകയും ചെയ്യുന്നു. യാത്രാ ചെലവുകളടങ്ങിയ ഫയലുകളിലൊന്നും വിമാന ടിക്കറ്റിന്റെ പകര്‍പ്പ് ലഭ്യമല്ല. യാത്രാ വേളയില്‍ ദിനബത്ത അനുവദിച്ചതിനു പുറമേ മുന്തിയ ഹോട്ടലുകളില്‍ താമസവും ഭക്ഷണവും അടക്കമുള്ള ചെലവുകളും അനുവദിച്ചിട്ടുണ്ട്. ഇത് ഒരുതരത്തിലുള്ള പരിശോധനയും കൂടാതെ അനുവദിക്കുകയും ചെയ്യുന്നു.
പാര്‍ക്കിലെ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട ഫിനാന്‍സ് ഓഫിസര്‍ പോലും ഇത്തരം ക്ലെയിമുകള്‍ നേടി എടുത്തു. ഉദ്യോഗസ്ഥരുടെ യാത്രകളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിയമമെങ്കിലും ഇത് ഇവിടെയുണ്ടാകുന്നില്ല.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്കില്‍ തസ്തിക സൃഷ്ടിക്കല്‍, നിയമനം, കരാര്‍പുതുക്കല്‍, ശമ്പളവും അലവന്‍സും പരിഷ്‌കരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടെക്‌നോപാര്‍ക്ക് അധികൃതര്‍ സര്‍ക്കാരിനോട് അനുമതി തേടാതെ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്ത് നടപ്പിലാക്കിവരികയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയിലും ടെക്‌നോപാര്‍ക്കിലെ ക്രമക്കേടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."