കാലാവസ്ഥാ പ്രവചനം 95 ലക്ഷത്തിന്റെ 'പുറംകരാറി'ന് തീരുമാനം
സ്വന്തംലേഖകന്‍
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ മറികടന്ന് കേരളത്തിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മൂന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളില്‍ നിന്നു വാങ്ങുന്നതിന് 95.64 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌കൈമെറ്റ്, എര്‍ത്ത് നെറ്റ് വര്‍ക്ക്, ഐ.ബി.എം വെതര്‍ എന്നീ സ്വകാര്യ ഏജന്‍സികളില്‍ നിന്നാണ് വിവരങ്ങള്‍ വാങ്ങുന്നത്. ഇതു സംബന്ധിച്ച തീരുമാനം കഴിഞ്ഞ മാസം എടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. സ്‌കൈമെറ്റിന് 16.81 ലക്ഷം, എര്‍ത്ത്‌നെര്‍വക്കിന് 51.79 ലക്ഷം, ഐ.ബി.എം വെതറിന് 27.04 ലക്ഷം രൂപയാണ് ഒരു വര്‍ഷത്തേക്ക് പ്രാരംഭഘട്ടമെന്ന നിലയില്‍ അനുവദിച്ചത്.
കേന്ദ്രകാലാവസ്ഥാവകുപ്പിന് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് 2018ലെ മഹാപ്രളയ സമയത്തുതന്നെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. പിന്നീട് ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതുള്‍പ്പടെ സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാലാവസ്ഥാവകുപ്പ് വിമുഖത കാണിക്കുകയും ചെയ്തു. സംസ്ഥാനത്തെ 73 ഇടങ്ങളിലെങ്കിലും ഓട്ടോമാറ്റഡ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതിനായുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം ഈ കാലവര്‍ഷ സമയത്തും നടപ്പിലാക്കാനാകില്ലെന്നായിരുന്നു ഐ.എം.ഡി സര്‍ക്കാരിനെ അറിയിച്ചത്. കാലാവസ്ഥാവകുപ്പിന് നിലവില്‍ സംസ്ഥാനത്തൊട്ടാകെ 15 ഓട്ടോമാറ്റഡ് സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. ഇത് പ്രദേശികാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി ലഭിക്കുന്നതിന് തടസമാകുമെന്നാണ് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയുടെവിലയിരുത്തല്‍.തുടര്‍ന്ന് ഏപ്രില്‍ 30ന് ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് സ്വകാര്യഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.
അതേസമയം ഇത്രയധികം തുക നല്‍കി വിവരങ്ങള്‍ വാങ്ങേണ്ട സാഹചര്യമുണ്ടോയെന്ന ചോദ്യം കാലാവസ്ഥാ വിദഗ്ധര്‍ ഉയര്‍ത്തിയിട്ടുണ്ട്. എര്‍ത്ത് നെറ്റ്‌വര്‍ക്ക് പൊതുവേ ഇടിമിന്നല്‍ സംബന്ധിച്ച മുന്നറിയിപ്പുകളാണ് നല്‍കുന്നത്. അത് 51 ലക്ഷം രൂപകൊടുത്ത് വാങ്ങേണ്ടസാഹചര്യം സംസ്ഥാനത്തില്ലെന്നും വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."