യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന്റെ രാജി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യും
കണ്ണൂര്‍: യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് വി.പി മൂസാന്‍കുട്ടിയുടെ രാജിക്കത്ത് 24നു ചേരുന്ന സംസ്ഥാന നേതൃയോഗം ചര്‍ച്ച ചെയ്യും. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു താന്‍ രാജിവയ്ക്കുകയാണെന്നു മാത്രമാണു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റിനയച്ച ഇമെയില്‍ സന്ദേശത്തില്‍ മൂസാന്‍കുട്ടി വ്യക്തമാക്കിയത്. സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ അറസ്റ്റിലായ മുസ്‌ലിംലീഗ് കണ്ണൂര്‍ മണ്ഡലം നേതാവ് കെ.പി താഹിറിനെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ മൂസാന്‍കുട്ടി രംഗത്തുവന്നിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളും നടന്നു. ആരോപണ വിധേയനായ നേതാവിനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയാറായില്ലെന്നും ജില്ലാകമ്മിറ്റിയിലെ സഹഭാരവാഹികളുടെ നിസഹകരണവും ചൂണ്ടിക്കാട്ടിയായിരുന്നു രാജി. സമൂഹമാധ്യമത്തിലൂടെ മൂസാന്‍കുട്ടിയുടെ പ്രസ്താവന പുറത്തുവന്നെങ്കിലും രാജിവച്ച കാര്യം മൂസാന്‍കുട്ടിയോ യൂത്ത് ലീഗ് നേതൃത്വമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം സാമ്പത്തിക വിവാദവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി സ്വീകരിക്കുന്ന നടപടികളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നു യൂത്ത് ലീഗ് ജില്ലാ ഭാരവാഹിയോഗം വ്യക്തമാക്കി. വിഷയത്തില്‍ മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി ഇടപെട്ട് നടത്തുന്ന അന്വേഷണ നടപടികള്‍ക്കു പൂര്‍ണ പിന്തുണ നല്‍കും. ആക്ഷേപം ഉയര്‍ന്നപ്പോള്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ ആവശ്യം കൂടി പരിഗണിച്ചാണു മുസ്‌ലിംലീഗ് ജില്ലാ യോഗം വിളിച്ചത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന്റെ ആവശ്യം പരിഗണിച്ച് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ ആരോപണ വിധേയനായ കെ.പി താഹിറിനോട് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്നു മാറി നില്‍ക്കാനും പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ വേണ്ട നടപടികളെല്ലാം കൈക്കൊണ്ടിട്ടും പാര്‍ട്ടിയെ ക്രൂശിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."