സി.പി.എമ്മിനെ തിരിഞ്ഞുകുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം
മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടിക്ക് തീവ്രവാദപട്ടം ചാര്‍ത്തിയ സി.പി.എമ്മിനെ തിരിഞ്ഞുകുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം കൂടാനുള്ള യു.ഡി.എഫിന്റെ നീക്കങ്ങളെ എതിര്‍ക്കുന്ന ഇടതുമുന്നണി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യം ഉണ്ടാക്കി മത്സരിച്ച് വിജയിച്ചാണ് ഭരണം നടത്തുന്നത്.
മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ പരസ്യമായി തന്നെ സഖ്യം രൂപീകരിച്ചിരുന്നു. മുക്കം നഗരസഭയില്‍ ഇടതുമുന്നണിയും വെല്‍ഫെയര്‍ പാര്‍ട്ടിയും സഖ്യം ഉണ്ടാക്കുകയും മൃഗീയ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു. മത്സരിച്ച മൂന്നു സീറ്റിലും വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്തില്‍ 16 സീറ്റില്‍ രണ്ടു സീറ്റായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്നത്. ഈ രണ്ടു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും 12 സീറ്റില്‍ ഇടതുമുന്നണിയും വിജയിച്ചപ്പോള്‍ പതിനാറില്‍ പതിനാല് സീറ്റും നേടി ഇടതുമുന്നണി ഈ പഞ്ചായത്തിലും മൃഗീയ ഭൂരിപക്ഷത്തില്‍ ഭരണം നേടി. കാരശ്ശേരി പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയ ഒരു സീറ്റില്‍ അവര്‍ക്ക് വിജയിക്കാനായില്ലെങ്കിലും പഞ്ചായത്ത് ഭരണം യു.ഡി.എഫില്‍ നിന്നും ഇടതുമുന്നണിക്ക് തിരിച്ചു പിടിക്കാനായി.
മറ്റ് ചില പഞ്ചായത്തുകളിലും പ്രാദേശികമായി സഖ്യമുണ്ടാക്കിയതോടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച വിജയം നേടാനും ഇടതുപക്ഷത്തിനായി. ഈ സഖ്യം ഇപ്പോഴും തുടരുന്നുമുണ്ട്. ഇത് മറച്ചുവെച്ചാണ് സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് തീവ്രവാദ മുദ്ര ചാര്‍ത്തുന്നത്. ഗയില്‍ സമരത്തിന് ശേഷമാണ് സി.പി.എമ്മുമായി വെല്‍ഫെയര്‍ പാര്‍ട്ടി അകലാന്‍ തുടങ്ങിയത്. മാതൃ സംഘടനയായ ജമാഅത്തെ ഇസ്ലാമിയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും സി.പി.എം നേതാക്കള്‍ തീവ്രവാദ സംഘടനയാണെന്ന് വിശേഷിപ്പിച്ചതാണ് അകലാനുള്ള പ്രധാനകാരണം.
സി.പി.എം ജില്ലാ കമ്മിറ്റയംഗമടക്കം അറിഞ്ഞുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞതവണ ഇടതുമുന്നണിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കിയതെന്ന് നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ സി.പി.എമ്മുമായുള്ള സഖ്യം ഇതുവരെ ഉപേക്ഷിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തയാറായിട്ടില്ല. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ചേരാനുള്ള മുസ്ലിം ലീഗിന്റെ ശ്രമങ്ങള്‍ക്കെതിരെ യൂത്ത് ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തുവന്നതോടെ സഖ്യ സാധ്യത അടഞ്ഞ അധ്യായമായി മാറുമോയെന്നും സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."