ഡെങ്കിപ്പനിയും ചിക്കന്‍പോക്സും പ്രതിരോധ നടപടികളുമായി ഹോമിയോവകുപ്പ്
പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് പകര്‍ച്ചവ്യാധികള്‍ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ ഹോമിയോ വകുപ്പ് ചികിത്സയും പ്രതിരോധ മേഡിക്കല്‍ കാംപും തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹോമിയോ) ഡോ. ലീലാറാണി അറിയിച്ചു.
ഇത്തരം അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കും പ്രതിരോധ മരുന്ന് വിതരണത്തിനും ജില്ലയില്‍ വിപുലമായി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക്തല കണ്‍വീനര്‍മാരെ നിയോഗിച്ച് അതത് ബ്ലോക്കിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലെ ചികിത്സാ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ ഗവ.ഡിസ്പെന്‍സറികളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലും രോഗം പകരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ചികിത്സയും പ്രതിരോധ മെഡിക്കല്‍ കാംപുകളും നടത്താന്‍ വകുപ്പ് സുസജ്ജമാണ്.
മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റേയും ഹോമിയോപ്പതി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ മുണ്ടൂര്‍ പഞ്ചായത്ത് മുത്തേടം അങ്കണവാടിയില്‍ ഡെങ്കിപ്പനി ചികിത്സയും പ്രതിരോധ മരുന്ന് വിതരണവും നടത്തി. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കാംപ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രമോദ്, കെ.പി സ്വപ്ന കാംപിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."