തോട്ടം നനയ്ക്കാനും വാഹനങ്ങള്‍ കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും പൈപ്പുവെള്ളം ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം
കൊല്ലം: കടുത്ത വരള്‍ച്ച ജില്ലയെ പിടിമുറുക്കിയതോടെ കുടിവെള്ളം കിട്ടാക്കനിയായി. നാട്ടിന്‍പുറങ്ങളിലെ തോടുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ വറ്റിവരണ്ടു. കൊല്ലം നഗരപരിധിക്കുള്ളില്‍ കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകത്തിന്റെ നിലനില്‍പ്പുപോലും ഭീഷണിയിലായതോടെ നഗരവാസികളും കുടിവെള്ളത്തിനായി പരക്കംപായുകയാണ്. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല ജലസ്രോതസായ ശാസ്താംകോട്ട കായലിലെ ജലനിരപ്പ് ദൈനംദിനം താഴുന്നതിനാല്‍ കുടിവെള്ളവിതരണത്തില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തോട്ടം നയ്ക്കാനും വാഹനങ്ങള്‍ കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും പൈപ്പുവെള്ളം ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ശാസ്താംകോട്ട കായലിലെ ജലനിരപ്പ് സമുദ്രനിരപ്പിനെക്കാള്‍ 153 സെന്റീമീറ്റര്‍ താഴ്ന്നിരിക്കുകയാണ്. പ്രതിദിനം 40 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്പുചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശേഖരിക്കുന്നത് ഒന്‍പതു ദശലക്ഷം ലിറ്ററിനു തഴെ മാത്രമാണ്. ഇവിടെനിന്നുള്ള പമ്പിങ് ഭാഗികമായി നിലക്കുമ്പോഴൊക്കെ കല്ലട ജലസേചന കനാലില്‍നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കാറുള്ളത്.
വെള്ളം ലഭിക്കാതെ വരണ്ടുണങ്ങി കിഴക്കന്‍ മേഖലകള്‍
കുടിവെള്ള പദ്ധതികളൊന്നും ഫലം കാണാതെ വന്നതോടെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. അഞ്ചല്‍, ചടയമംഗലം, കടയ്ക്കല്‍, കുളത്തൂപ്പുഴ, തെന്‍മല, പുനലൂര്‍, പത്തനാപുരം മേഖലകള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. കൊട്ടാരക്കരയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായുള്ള പഠനറിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചുകൊണ്ട് നാട്ടിന്‍പുറങ്ങളിലെ ജലം സുലഭമായ കിണറുകള്‍പോലും വറ്റിത്തുടങ്ങിയിരിക്കുകയാണ്. ഒരിക്കലും വെള്ളം വറ്റിയിട്ടില്ലാത്ത കിണറുകള്‍ പോലും ഈ വേനല്‍കാലത്ത് വരണ്ട് തുടങ്ങി. ചില കിണറുകള്‍ വറ്റിവരണ്ടപ്പോള്‍ മറ്റുചിലതില്‍ രണ്ടും മൂന്നും തൊടി വെള്ളം താഴ്ന്നിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കിണറുകളെ വരള്‍ച്ച ബാധിച്ചത് ഗ്രാമപ്രദേശങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഭൂഗര്‍ഭ ജലനിരക്ക് 4 അടിയോളം താഴ്ന്നതായിട്ടാണ് പഠനറിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."