സ്വര്‍ണ പല്ലക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്
കൊച്ചി: എറണാകുളം തിരുമല ദേവസ്വത്തില്‍ സ്വര്‍ണ പല്ലക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന വന്‍അഴിമതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗൗഡ സാരസ്വത സേവാസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണം ഭരണസമിതി അംഗങ്ങള്‍ ആര്‍.എസ്.എസ് ബിജെപി നേതാക്കളെ കൂട്ടുപിടിച്ച് മരവിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജി.എസ്.എസ് സംഘം മുഖ്യമന്ത്രിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എറണാകുളം തിരുമല ദേവസ്വത്തില്‍ എത്തിയത്. എന്നാല്‍ ഭരണസമിതി അംഗങ്ങള്‍ പ്രശ്‌നം വഴിതിരിച്ച് വിട്ട് അമ്പലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്ന് കള്ളപ്രചാരണം നടത്തി രാഷ്ട്രീയവത്കരിക്കുകയാണെന്ന് സംഘം ഭാരവാഹികള്‍ ആരോപിച്ചു. അഴിമതിയില്‍ പുകമറ നടത്തി കുറ്റക്കാര്‍ക്ക് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇതെന്നും സംഘം നേതാക്കള്‍ കുറ്റപ്പെടുത്തി. കൂടാതെ വന്‍ സാമ്പത്തിക ലാഭമുള്ള തിരുമല ദേവസ്വത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ഓഡിറ്റിങ് നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതില്‍ സംഘത്തിന് അഭിപ്രായ വ്യത്യാസമില്ലെന്നും പ്രസിഡന്റ് എം പ്രഭാകര നായ്ക്, വൈസ് പ്രസിഡന്റ് ജി ഗോപാല ഷേണായ്, സെക്രട്ടറി പ്രൊഫ.കെ.കെ ഹരി പൈ, വി രാജ്കുമാര്‍ കമ്മത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."