തളിപ്പറമ്പ് മണ്ഡലം നീര്‍ത്തട വികസന ശില്‍പ്പശാല
തളിപ്പറമ്പ്: കിണറ്റില്‍ വെളളമില്ലെങ്കില്‍ കുപ്പിവെളളം പണം കൊടുത്തു വാങ്ങി ആവശ്യം തീര്‍ക്കാമെന്ന ചിന്തയും മലയാളിയുടെ അഹങ്കാരവുമാണ് കേരളത്തില്‍ നീര്‍ത്തട മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാത്തതെന്ന് സംസ്ഥാന ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍. തളിപ്പറമ്പ് മണ്ഡലം സമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സമഗ്ര നീര്‍ത്തട വികസന ശില്‍പ്പശാല കരിമ്പം ഫാമിലെ ഐ.ടി.കെ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലിന്റെ കാര്യത്തില്‍ കേരളം ഏഴു മാസത്തിനകം സ്വയംപര്യാപ്തത കൈവരിക്കും. മുട്ട, ഇറച്ചി, പച്ചക്കറി എന്നിവയുടെ കാര്യത്തിലും നാം സ്വയംപര്യാപ്തയിലെത്തണമെങ്കില്‍ നീര്‍ത്തട സംരക്ഷണ പദ്ധതികള്‍ വിജയം നേടേണ്ടതുണ്ട്. തളിപ്പറമ്പ് മണ്ഡലത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിലെ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലേയും ഒരു ഗ്രന്ഥശാലക്ക് സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കുമെന്നും എം. ശിവശങ്കര്‍ പറഞ്ഞു. മയ്യില്‍, ചപ്പാരപ്പടവ്, മലപ്പട്ടം, കൊളച്ചേരി, കുറുമാത്തൂര്‍, പരിയാരം, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളിലേയും ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളിലേയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അംഗങ്ങള്‍, കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
ജയിംസ്മാത്യു എം.എല്‍.എ ആമുഖപ്രഭാഷണം നടത്തി. 2020ല്‍ തളിപ്പറമ്പില്‍ പൂര്‍ണ ജലലഭ്യത ഉറപ്പുവരുത്താനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം അന്തിമരൂപം നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, നബാര്‍ഡ് എ.ജി.എം എസ്.എസ് നാഗേഷ്, മണ്ണ് പര്യവേഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ പി. ബിജു, ഡോ. സി. ശശിധരന്‍, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍, യു. ജനാര്‍ദ്ദനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."