രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടില്‍ പത്രിക നല്‍കും
കല്‍പ്പറ്റ: യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
രാവിലെ 11നും 12നും മധ്യേ കല്‍പ്പറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ രാഹുലെത്തും. സ്കൂള്‍ ഗ്രൗണ്ട് ഇന്നലെ എസ്.പി.ജി അംഗങ്ങള്‍ പരിശോധിച്ചു. ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ഗ്രൗണ്ട് അനുയോജ്യമെന്ന് എസ്.പി.ജി വിലയിരുത്തി. ബുധനാഴ്ച വൈകീട്ട് സുരക്ഷയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കും.
വ്യാഴാഴ്ച എത്തുന്ന രാഹുല്‍ ഹെലികോപ്റ്റര്‍ ഇറങ്ങി അവിടെ വച്ച് വോട്ടഭ്യര്‍ഥിക്കും. ഗ്രൗണ്ടിന് ചുറ്റും വടംകെട്ടി ജനങ്ങളെ നിയന്ത്രിക്കും. റോഡ്ഷോ ഉണ്ടാവില്ല. നേതാക്കളുമായുള്ള സംവാദം ചന്ദ്രഗിരി ഓഡിറ്റോറിയത്തിലോ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളിലോ ആയിരിക്കും. ഒന്നര മണിക്കൂറിനുശേഷം രാഹുല്‍ മടങ്ങും. എസ്.പി.ജി ഉദ്യോഗസ്ഥര്‍ എസ്.പി, കലക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ മടങ്ങുംവരെ സിവില്‍ സ്റ്റേഷന് പരിസരം കനത്ത സുരക്ഷാ വലയത്തിലായിരിക്കും. അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയം കലക്ടറേറ്റിലേക്ക് പ്രവേശനമുള്ളൂ.
രാഹുലിനെതിരേ
തുഷാര്‍
ന്യൂഡല്‍ഹി: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുലിനെതിരേ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ട്വിറ്ററിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. പൈലി വാത്യാട്ടിനെയായിരുന്നു വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എന്‍.ഡി.എ കണ്ടിരുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനമുണ്ടായതോടെ സീറ്റ് മാറ്റി നല്‍കണമെന്ന് തുഷാര്‍ ആവശ്യപ്പെടുകയും ബി.ജെ.പി നേതാക്കള്‍ അത് അംഗീകരിക്കുകയുമായിരുന്നു.
തുഷാര്‍ വയനാട്ടിലേക്ക് മാറിയതോടെ തൃശൂര്‍ സീറ്റിലേക്ക് എന്‍.ഡി.എക്ക് മറ്റൊരാളെ കണ്ടെത്തേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."