ജനഹൃദയം തൊട്ടറിഞ്ഞ കലക്ടര്‍ പടിയിറങ്ങുന്നു
കാസര്‍കോട്: ജനങ്ങളെ തൊട്ടറിഞ്ഞ കലക്ടര്‍ കെ. ജീവന്‍ബാബു കാസര്‍കോട് നിന്നു പടിയിറങ്ങുന്നു. സ്വന്തം നാടായ ഇടുക്കി ജില്ലയിലേക്കാണ് സ്ഥലം മാറ്റം. 2017 ഓഗസ്റ്റ് 17നാണു ജീവന്‍ ബാബു ജില്ലാ കലക്ടറായി ചുമതലയേറ്റത്. അതിനു മുമ്പ് കാഞ്ഞങ്ങാട് സബ് കലക്ടറായി സേവനം ചെയ്തിരുന്നു. ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ എന്നും അതിവേഗം ബഹുദൂരമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.
കാഞ്ഞങ്ങാട് നഗരത്തില്‍ യഥേഷ്ടം സ്ഥലം ഉണ്ടായിട്ടും നഗരം വീര്‍പ്പു മുട്ടുമ്പോള്‍ ഇതിനു പരിഹാരം കാണാന്‍ നഗരസഭാ അധികൃതര്‍ പോലും തയാറാകാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മുന്നിട്ടിറക്കം ശ്രദ്ധേയമായിരുന്നു.
മാലിന്യമുക്ത നഗരമെന്ന പദ്ധതിയുമായി രംഗത്തിറങ്ങിയ അദ്ദേഹം നഗരഭരണാധികാരികള്‍ ഉള്‍പ്പെടെ മാലിന്യം നീക്കാന്‍ നഗരത്തിലെത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പേ സ്ഥലത്തെത്തി മാലിന്യം നീക്കി ആളുകളെ അമ്പരപ്പിച്ചിരുന്നു. ജില്ലയുടെ മുക്കിലും മൂലയിലും അതിവേഗമെത്തി നിര്‍ധനരായ ആളുകളുടെ പ്രശ്‌നങ്ങള്‍ക്കു പെട്ടെന്നു പരിഹാരം കാണുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ജില്ലയില്‍ ഈയടുത്ത് ആരംഭിച്ച റവന്യു ഡിവിഷന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിലും ജീവന്‍ ബാബുവിന്റെ പ്രവര്‍ത്തനം ശഌഘനീയമായിരുന്നു.
തൊടുപുഴ സ്വദേശിയായ കെ. ജീവന്‍ ബാബു 2009ല്‍ ഇന്ത്യന്‍ റവന്യു സര്‍വിസിലും 2010ല്‍ പശ്ചിമ ബംഗാളില്‍ ഐ.എ.എസ് ഓഫിസര്‍ പദവിയിലും സേവനം ചെയ്തിരുന്നു. തൃശൂരില്‍ അസി. കലക്ടറായി സേവനം ചെയ്താണ് കേരളത്തില്‍ ഔദ്യോഗിക പദവി ഏറ്റെടുത്ത്.
പിന്നീട് കാഞ്ഞങ്ങാട് സബ് കലക്ടര്‍, എക്‌സൈസ് അസി.കമ്മിഷണര്‍, സര്‍വേ ഡയറക്ടര്‍, ബീവറേജ് കോര്‍പറേഷന്‍ എം.ഡി, കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡി, ഇലക്ഷന്‍ ഡെപ്യുട്ടി കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
സ്വന്തം ജില്ലയിലേക്കാണ് കലക്ടറായി അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."