സമസ്ത: ആദര്‍ശ പ്രസ്ഥാനം തൊണ്ണൂറ്റിയഞ്ചാം വയസിലേക്ക്
മലപ്പുറം: കേരളാ മുസ്‌ലിംകളുടെ ആധികാരിക പണ്ഡിതസഭയ്ക്കു ഇന്നു തൊണ്ണൂറ്റിനാലു പിന്നിട്ടു. മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ കേരളാ മുസ്‌ലിംകള്‍ക്കു വഴികാട്ടിയ പ്രസ്ഥാനം ഇനി തൊണ്ണൂറ്റിയഞ്ചാം വയസിലേക്ക്. 1926 ജൂണ്‍ 26നാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ രൂപീകരിച്ചത്. പ്രബോധന, വൈജ്ഞാനിക രംഗത്ത് കൂടുതല്‍ കര്‍മപദ്ധതികളുടെ നിറവിലാണ് 94 വര്‍ഷം പിന്നിടുന്നത്. ഇസ്‌ലാമിക പ്രചാരണത്തിലെ പാരമ്പര്യ താവഴിയില്‍ കേരള മുസ്‌ലിംകള്‍ക്കു നേതൃത്വം നല്‍കുന്ന കേരളത്തിലെ മുസ്‌ലിം പണ്ഡിത കൂട്ടായ്മയാണ് സമസ്ത. വരക്കല്‍ മുല്ലക്കോയ തങ്ങളാണ് സ്ഥാപക പ്രസിഡന്റ്. മത പ്രചാരണം, വിദ്യാഭ്യാസമുന്നേറ്റം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, സമുദായ അവകാശ സംരക്ഷണം, മാനവിക സൗഹാര്‍ദം തുടങ്ങിയ മേഖലയിലൂന്നി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സമസ്തയുടെ കീഴില്‍ നടക്കുന്നത്.
1951 ല്‍ സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു രൂപം നല്‍കി. നിലവില്‍ 10,257 മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരേയാണ് ക്ലാസുകള്‍. 5,7,10, പ്ലസ്ടു ക്ലാസുകളില്‍ പൊതുപരീക്ഷ, മദ്‌റസാ അധ്യാപക പരിശീലന കോഴ്‌സുകളും, ക്ഷേമ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളിലുമായി നിലവിലുള്ള മദ്‌റസകള്‍ക്കൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെമ്മാട് ദാറുല്‍ ഹുദാ പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പുതിയ മദ്‌റസകള്‍ കൂടി ഈ വര്‍ഷം അംഗീകാരം നേടി.
ഉന്നത പഠന കേന്ദ്രമായ ജാമിഅ നൂരിയ്യ, നിരവധി ശരീഅത്ത് കോളജുകള്‍, പള്ളി ദര്‍സുകള്‍, മത, ഭൗതിക സമന്വയ വിദ്യാഭ്യാസ സംരംഭമായി ജാമിഅ ജൂനിയര്‍ കോളജ് കോഡിനേഷന്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല, കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (വാഫി), ദാറുസ്സലാം നന്തി കോഡിനേഷന്‍, സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ഫളീല, ഫാളില കോഴ്‌സുകള്‍, വഫിയ്യ, സഹ്‌റാവിയ്യ തുടങ്ങി വനിതാ കോഴ്‌സുകള്‍, അല്‍ബിര്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ തുടങ്ങിയ വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ നിലവിലുണ്ട്. മഹല്ല്കൂട്ടായ്മ, യുവജന, വിദ്യാര്‍ഥി, അധ്യാപക സംഘടനകള്‍, വിവിധ സംഘടനകള്‍ക്കു കീഴില്‍ വിത്യസ്ത കീഴ്ഘടകങ്ങള്‍ തുടങ്ങി ശാസ്ത്രീയ സംഘാടനവും കര്‍മപരിപാടികളും നടത്തിവരുന്നു.
ഇസ്‌ലാമിക ആദര്‍ശ, കര്‍മശാസ്ത്ര മേഖലയില്‍ നിലപാടുകളും ഫത്‌വകളും മുഖേന ലോകോത്തര ശ്രദ്ധേയമായ പണ്ഡിത സംഘടയാണ് സമസ്ത.
ശരീഅത്ത് സംരക്ഷണമുള്‍പ്പെടെ അവകാശ സമരരംഗത്തു നിലകൊണ്ടു മന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോര്‍മുഖത്താണ്. മഹല്ല് തല സംഘാടനം, സമ്മേളനങ്ങള്‍, കാംപയിനുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ മുഖേനയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ധാര്‍മിക സംസ്ഥാപനത്തിനും സാമൂഹിക മുന്നേറ്റത്തിനും ശക്തി പകരുകയും അധാര്‍മ്മികതയ്ക്കും തീവ്രവാദത്തിനുമെതിരേ ബൗദ്ധിക പ്രതിരോധം തീര്‍ത്തുമാണ് ശതാബ്ദിയിലേക്കു നീങ്ങുന്ന സമസ്തയുടെ പ്രയാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."